ഉത്തരാഖണ്ഡില്‍ അടുത്ത ചൊവ്വാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നേരത്തെ സ്‌പീക്കര്‍ സസ്‌പെന്‍ഡ് ചെയ്ത ഒമ്പത് കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഉത്തരാഖണ്ഡിലെ രാഷ്‌ട്രപതി ഭരണം റദ്ദാക്കിയ നൈനിറ്റാള്‍ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി പരിഗണനയ്‍ക്കെടുത്തയുടന്‍ വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി സുപ്രീം കോടതിയെ അറിയിച്ചു. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലാകണം വിശ്വാസവോട്ടെടുപ്പെന്നും എജി കോടതിയില്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച കോടതി അടുത്ത ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിക്കും ഒരു മണിക്കുമിടയില്‍ ഹരീഷ് റാവത്ത് സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടണമെന്ന് ഉത്തരവിട്ടു. നേരത്തെ സ്‌പീക്കര്‍ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത ഒമ്പത് വിമത എംഎല്‍എമാര്‍ക്ക് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാനാകില്ലെന്നും ജസ്റ്റിസ് ദീപക് മിശ്ര, ശിവ കീര്‍ത്തി സിംഗ് എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
ലെജിസ്ലേറ്റര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിരീക്ഷകനായ നിയമിച്ച കോടതി സഭനടപടികള്‍ വീഡിയോയില്‍ ചിത്രീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു. എംഎല്‍എമാര്‍ക്ക് ചൊവ്വാഴ്ച സഭയിലെത്തുന്നതിന് ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് ചീഫ് സെക്രട്ടറിയോടും പൊലീസ് മേധാവിയോടും കോടതി ആവശ്യപ്പെട്ടു. വിശ്വാസവോട്ടെടുപ്പിനായി രണ്ട് മണിക്കൂര്‍ സമയം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാഷ്‌ട്രപതി ഭരണം സസ്‌പെന്‍ഡ് ചെയ്യും. ഹരീഷ് റാവത്തിനെ അനുകൂലിക്കുന്നവര്‍ സഭയുടെ ഒരു വശത്തും എതിര്‍ക്കുന്നവര്‍ മറുവശത്തുമായി ഇരിക്കണമെന്നും ഇവര്‍ സ്‌പീക്കര്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് കൈപൊക്കണമെന്നും കോടതി പറഞ്ഞു. വിശ്വാസവോട്ടെടുപ്പിന്റെ ഫലവും ദൃശ്യങ്ങളും പതിനൊന്ന് കേസ് പരിഗണിക്കുമ്പോള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കോടതിയില്‍ ഹാജരാക്കണം. വിമത എംഎല്‍എമാരെ മാറ്റി നിര്‍ത്തിയാല്‍ അറുപത്തിരണ്ട് അംഗങ്ങളുള്ള നിയമസഭയില്‍ മൂന്ന് സ്വതന്ത്രരുടേയും രണ്ട് ബിഎസ്‌പി അംഗങ്ങളുടേയും ഒരു ഉത്തരാഖണ്ഡ് ക്രാന്തി ദള്‍ എംഎല്‍എയുടേയും നിലപാട് വിശ്വാസവോട്ടെടപ്പില്‍ നിര്‍ണാകമാകും.
