ഐസ്ക്രീം കേസില്‍ ഏതറ്റംവരെയും പോകുമെന്നും നിയമ-രാഷ്‌ട്രീയ പോരാട്ടം ശക്തമാക്കുമെന്ന് വിഎസ് അച്യുതാനന്ദന്‍ തുറന്നടിച്ചു. എന്നാല്‍ അഡ്വക്കേറ്റ് എംകെ ദാമോദരന്‍ നിയമോപദേഷ്‌ടാവ് സ്ഥാനം ഒഴിയുന്നൂവെന്ന വാര്‍ത്തകളെക്കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായിയുടെ പ്രതികരണം.

സര്‍ക്കാര്‍നിലപാടിന് പിന്തുണയില്ലെങ്കിലും ഐസ്ക്രീം കേസില്‍ പോരാട്ടം കടുപ്പിക്കാന്‍തന്നെയാണ് വിഎസിന്റെ തീരുമാനം. ഐസ്ക്രീം കേസ് രാഷ്‌ട്രീയ പ്രേരിതമെന്ന് സര്‍ക്കാര്‍ നിലപാടെടുത്ത സാഹചര്യത്തില്‍ നീതിക്കായി ഏതറ്റംവരെയും പോകും. തുടര്‍പ്രവര്‍ത്തനങ്ങള്‍ കാത്തിരുന്നു കാണാമെന്ന് വിഎസിന്റെ വെല്ലുവിളി

ഐസ്ക്രീമില്‍ പാര്‍ട്ടി പിന്തുണയോടെയുള്ള തന്റെ പോരാട്ടത്തെ എതി‍ര്‍ത്ത സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ പാര്‍ട്ടി നിലപാടാണ് തള്ളിയതെന്ന് ചൂണ്ടിക്കാട്ടാനാണ് വി എസിന്റെ നീക്കം. അതേസമയം അഡ്വക്കേറ്റ് എം കെ ദാമോദരന്‍ നിയമോപദേഷ്‌ടാവ് സ്ഥാനം ഒഴിയുന്നൂവെന്ന വാര്‍ത്തകളെക്കുറിച്ച് തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . മാര്‍ട്ടിനുവേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ ഹാജരായത് തെറ്റായ സന്ദേശം നല്‍കിയെന്ന്
വി എസ് പരസ്യമായി വിമര്‍ശിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.