പാലക്കാട് പട്ടാമ്പി ഹൈവേയില്‍ കോട്ടപ്പുറത്തിനടുത്ത് വച്ച് പുലര്‍ച്ചെ നാലരക്കാണ് അപകടമുണ്ടായത്. അമിത വേഗത്തിലെത്തിയ ലോറി നൗഷാദ്, ഫാസില്‍, റംസീഖ് എന്നിവരെ ഇടിച്ച് തെറിപ്പിച്ചു. മൂവരും തല്‍ക്ഷണം മരിച്ചു. ഇരുപത് വയസിന് താഴെയാണ് മൂവരുടെയും പ്രായം. 

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മിഹാലിന് ഗുരുതര പരിക്കേറ്റു. അടുത്ത വീടിന്‍റെ മതിലും വൈദ്യുത പോസ്റ്റും ഇടിച്ച് തെറിപ്പിച്ച ശേഷമാണ് ലോറി നിന്നത്. തീപ്പൊരി ചിതറി വൈദ്യുത പോസ്റ്റ് വീണത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. വൈദ്യുത കമ്പി തട്ടി എല്ലാവര്‍ക്കും പൊള്ളലേറ്റിട്ടുമുണ്ട്.

അതിരാവിലെ ഫുട്‌ബോള്‍ കളിക്കാനായി കളിക്കളത്തിലേക്ക് പോകാന്‍ സുഹൃത്തിനെ കാത്ത് നില്‍ക്കുകയായിരുന്നു നാല്‍വര്‍ സംഘം. അടുത്തിടെ പാലക്കാട് പട്ടാമ്പി ഹൈവേ റബറൈസ് ചെയ്തിരുന്നതിനാല്‍ ലോറി അമിത വേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പരിക്കേറ്റ മിഹാലിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ അശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.