ലോകകപ്പിൽ ആദ്യമായി വിഡിയോ അസിസ്റ്റന്‍റ് റഫറി സിസ്റ്റം ഉപയോഗിച്ച മത്സരമായിരുന്നു ഇത്.
സെന്റ് പീറ്റേഴ്സ്ബര്ഗ്: സമനിലയിൽ അവസാനിച്ചെങ്കിലും പോര്ച്ചുഗല്- സ്പെയ്ന് മത്സരം ഒരു ചരിത്ര നിമിഷത്തിന് കൂടി സാക്ഷിയായി. ലോകകപ്പിൽ ആദ്യമായി വിഡിയോ അസിസ്റ്റന്റ് റഫറി സിസ്റ്റം ഉപയോഗിച്ച മത്സരമായിരുന്നു ഇത്. കളിയുടെ നാലാം മിനിട്ടിൽ പെനാൽറ്റി കിക്ക് ഗോളാക്കി മാറ്റിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഡിയാഗോ കോസ്റ്റ ഇരുപത്തി നാലാം മിനിട്ടിൽ മറുപടി നൽകി. സ്പാനിഷ് താരങ്ങളും സ്പെയിൻ ആരാധകരും ആഘോഷം തുടങ്ങി.
പക്ഷേ ഇറ്റലിക്കാരൻ റഫറി റോച്ചി ജിയാൻലൂക്കയ്ക്ക എന്തോ ഒരു സംശയം. ഗോളിനായി പന്തുമായി മുന്നോട്ട് പോകുന്നതിന് തൊട്ടു മുൻപ് ബോക്സിനരികിൽ വെച്ച് ഡിയാഗോ കോസ്റ്റ പോര്ച്ചുഗൽ താരം പെപ്പെയുമായി കൂട്ടിയിടിക്കുന്നു. അത് മനപൂര്വ്വമാണോ, ഫൗൾ അനുവദിക്കണോ എന്നതാണ് റഫറി ജിയാൻ ലൂക്കയുടെ സംശയം. കമന്റേറ്റര്മാര്ക്കും അതൊരു ഫൗളാണോ എന്ന കാര്യത്തിൽ സംശയം.
ജിയാൻ ലൂക്ക ടെക്നിക്കൽ ടീമിന്റെ സഹായം തേടാനുറച്ചു. വീഡിയോ അസിസ്റ്റന്റ് റഫിയുടെ സഹായത്തിനായി അഭ്യര്ത്ഥിച്ചു.റോച്ചി ജിയാൻ ലൂക്കയുടെ ആ അഭ്യര്ത്ഥന ചരിത്ര നിമിഷമായിരുന്നു. ലോകകപ്പിൽ ആദ്യമായി വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഉപയോഗിച്ചു. വിഡിയോ അസിസ്റ്റന്റ് റഫറിയുടെ തീരുമാനം വന്നു.അത് ഫൗളല്ല.സ്പെയ്ന് ആശ്വാസം. റഫറി റോച്ചി ജിയാൻ ലൂക്കയും മത്സരവും ചരിത്രത്തിൽ ഇടം പിടിച്ചു.
