പൊലീസ് പിടികൂടാത്ത നാല് പ്രതികളും ബിജെപി പ്രവര്‍ത്തകര്‍- വിനീഷ് 

കൊച്ചി: വരാപ്പുഴയില്‍ വീട് ആക്രമിച്ച കേസില്‍ പ്രധാന പ്രതികളെ പിടികൂടാത്തതിനെതിരെ വാസുദേവന്‍റെ മകന്‍ വിനീഷ്. പൊലീസ് പിടികൂടാത്ത നാല് പ്രതികളും ബിജെപി പ്രവര്‍ത്തകര്‍ എന്നും വിനീഷ് പറഞ്ഞു.

ശ്രീജിത്ത് അക്രമി സംഘത്തില്‍ ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ ഉറപ്പില്ല . ബിജെപി പ്രാദേശിക നേതാവിന്‍റെ രണ്ട് മക്കളും അറസ്റ്റിലായിട്ടില്ല . ഇവരുൾപ്പടെയുള്ള നാല് പേരാണ് വീട് ആക്രമിച്ചവതിന് നേതൃത്വം കൊടുത്തത്. ഒളിവിലുളള പ്രതികളെ പിടികൂടിയാല്‍ അക്കാര്യത്തില്‍ വൃക്തത വരുത്താം എന്നും വിനീഷ് മാധ്യമങ്ങളോട് പറഞ്ഞു. 

അക്രമി സംഘത്തിലെ തുളസീദാസ് എന്ന ശ്രീജിത്തിനാണ് തന്നോട് മുന്‍ വൈരാഗ്യമുണ്ടായിരുന്നത് എന്നും ഇയാള്‍ക്കെതിരെയാണ് താന്‍ പരാതി പറഞ്ഞതെന്നും വിനീഷ് പ്രതികരിച്ചു. പക്ഷേ ഇത് വരെയും ഈ ശ്രീജിത്തിനെ പൊലീസ് പിടികൂടിയിട്ടില്ല. ഇവരെ പിടികൂട‌ാത്തിടത്തോളം തനിക്കും കുടുംബത്തിനും ഇപ്പോഴും ഭീഷണിയുണ്ട് എന്നും വിനീഷ് പറഞ്ഞു.

അതേസമയം, വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ വെള്ളിയാഴ്ചയിലെ സംഘർഷത്തിൽ പരിക്കേറ്റെന്ന പൊലീസിന്‍റെ വാദം പൊളിയുന്നു. ശ്രീജിത്തിന് പരിക്കേറ്റത് കസ്റ്റഡിയിൽവച്ച് തന്നെയെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ മൊഴി നല്‍കി. ശ്രീജിത്തിന്‍റെ ശരീരത്തിലെ മുറിവിന്‍റെ പഴക്കം മൂന്ന് ദിവസം വരെ മാത്രമാണെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ശ്രീജിത്തിനെ ചികിത്സിച്ച ഡോക്ടർമാർ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയിലാണ് വെളിപ്പെടുത്തല്‍. അതേസമയം നേരത്തെ അസ്വാഭാവിക മരണത്തിന് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് കൊലപാതക കേസായി മാറ്റിയിരുന്നു. ഇതിനൊപ്പം അന്യായമായി തടങ്കലിൽവെച്ചെന്ന വകുപ്പും പുതുതായി ഉള്‍പ്പെടുത്തി. 

മരണകാരണമായ വയറിനുള്ളിലെ പരിക്ക് പറ്റിയത് ഏത് സമയത്താണ് എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഡോക്ടര്‍മാരുടെ മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം നേരത്തെ വ്യക്തമാക്കിയിരുന്നു.