സൗദി: വാറ്റ് സംബന്ധമായ ബോധവല്‍ക്കരണ കാംപയിന്‍ സൗദിയില്‍ സജീവം. ഫാക്ടറിയില്‍ നിന്നും ഉല്‍പ്പന്നം ഉപഭോക്താവില്‍ എത്തുന്നത് വരെയുള്ള ഓരോ ഘട്ടത്തിലും വാറ്റ് എങ്ങിനെ ബാധിക്കുന്നു എന്നതിന്റെ മാതൃക കാണിച്ചു കൊണ്ടായിരുന്നു, ജിദ്ദ ഐ.ഡി.സിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന ബോധവല്‍ക്കരണ പരിപാടി.

എന്നാല്‍ ശക്തമായ മുന്നറിയിപ്പ് ഉണ്ടായിട്ടും പല സ്ഥാപനങ്ങളും ഇനിയും വാറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ജനുവരി ഒന്ന് മുതലാണ്‌ സൗദിയിലും യു.എ.ഇയിലും വാറ്റ് പ്രാബല്യത്തില്‍ വരുന്നത്. ബഹുഭൂരിഭാഗം ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും അഞ്ചു ശതമാനം മൂല്യ വര്‍ധിത നികുതി സര്‍ക്കാറിന് അടയ്ക്കേണ്ടി വരും.

യു.എ.ഇയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും സൗദിയില്‍ വാറ്റ് പരിധിയില്‍ പെടും. വിറ്റുവരവ് സംബന്ധമായ കൃത്യമായ കണക്ക് അധികൃതരെ ബോധ്യപ്പെടുത്തുന്നതോടൊപ്പം സ്ഥാപനങ്ങളുടെ രേഖാമൂലമുള്ള ഉടമകളെ ബോധ്യപ്പെടുത്തേണ്ടി വരും.