ഇടുക്കി: കേരളത്തിലെ പ്രമുഖ ശീതകാല പച്ചക്കറി ഉത്പാദന കേന്ദ്രങ്ങളായ മറയൂര്‍ മലനിരകളിലെ കാന്തല്ലൂര്‍, വട്ടവട മേഖലകളിലെ പച്ചക്കറികളുടെ വിപണി ഉറപ്പുവരുത്താന്‍ സോഷ്യല്‍ മീഡിയയുടെ സാധ്യതകളും ഉപയോഗപ്പെടുത്തുന്നു. തോട്ടങ്ങളില്‍ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്ക് കേരളത്തില്‍ വിപണി കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംഭരണ ചുമതലയുള്ള ഹോര്‍ട്ടികോര്‍പ്പ് സോഷ്യല്‍ മീഡിയയുടെ സാധ്യത കൂടി പരീക്ഷിക്കുന്നത്. 

ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാന്‍ സഹായകമാകുന്ന വാട്‌സാപ്പ് കൂട്ടായ്മ കൃഷിക്കാര്‍ക്ക് ഉത്പന്നത്തിന് പെട്ടെന്ന് വിപണി കണ്ടെത്താനും സഹായിക്കുന്നു. ഹോര്‍ട്ടി കോര്‍പ്പിന്റെ സംസ്ഥാന ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെട്ടിട്ടുള്ള വാട്‌സാപ്പ് കൂട്ടായ്മയ്ക്ക് 'ഹരിതം' എന്നാണ് പേര്. വിളവെടുക്കാറായ പച്ചക്കറികളുടെ വിവരവും തൂക്കവും സംഘങ്ങളുടെ ചുമതലയുള്ളവര്‍ മുഖേന വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യാം. ഗ്രൂപ്പിലൂടെ വിപണിയിലെ വില അറിയിക്കുകയും സമ്മതമെങ്കില്‍ കര്‍ഷകര്‍ക്ക് വിളവെടുത്ത് അടുത്ത ദിവസം പച്ചക്കറി ലേല കേന്ദ്രത്തില്‍ എത്തിക്കുന്നതിനും സാധിക്കും. അതേ പോലെ വിപണിയില്‍ ആവശ്യമുള്ള പച്ചക്കറികളുടെ വിവരവും തൂക്കവും വാട്‌സാപ്പ് ഗ്രൂപ്പിലൂടെ കര്‍ഷകരെ അറിയിക്കാനും സാധിക്കുന്നു. 

സംഭരണവും വിലയും പച്ചക്കറി ഇനങ്ങളുടെ വിവരങ്ങളും ഗ്രൂപ്പില്‍ സജീവമായ എല്ലാ ഉദ്യോഗസ്ഥരും കര്‍ഷക സംഘടനാ പ്രതിനിധികളും അപ്പോള്‍ തന്നെ അറിയുന്നതിനാല്‍ പരാതിയില്ലാതെ കൃഷിയും സംഭരണവും വില്‍പനയും നടത്താന്‍ കഴിയും. വട്ടവടയിലെ ശീതകാല വിളകള്‍ക്കും കാന്തല്ലൂരിലെ ശീതകാല വിളകള്‍ക്കും നിലവില്‍ ചെറിയ തോതിലുള്ള വില വ്യത്യാസം സംഭവിക്കാറുണ്ട്. ഇത് പലപ്പോഴും ഹോര്‍ട്ട് കോര്‍പ്പ് അധികൃതര്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഹരിതം എന്ന വാട്‌സാപ്പ് ഗ്രൂപ്പിലൂടെ കര്‍ഷകരെ ബോധ്യപ്പെടുത്തി ഈ പ്രശ്‌നവും പരിഹാരം കഴിയുമെന്നതും ഗുണകരമാണ്.