ബഹുരാഷ്ട്രകമ്പനികൾ ഒഴികെ 100 കുപ്പിവെള്ളനിര്‍മ്മാതാക്കൾ വില കുറച്ചിട്ടും കുപ്പിവെള്ളത്തിന് വില കുറഞ്ഞില്ല

തൃശൂര്‍: നിർമ്മാതാക്കൾ വില കുറച്ചിട്ടും കുപ്പി വെള്ളത്തിന് വില കുറയ്ക്കാതെ വിൽപ്പനക്കാർ. ബഹുരാഷ്ട്രകമ്പനികൾ ഒഴികെ 100 കുപ്പിവെള്ളനിര്‍മ്മാതാക്കൾ വില കുറച്ചിട്ടും വിൽപ്പനക്കാർ ഇപ്പോഴും വാങ്ങുന്നത് 20 രൂപ തന്നെ.

സംസ്ഥാനത്തെ 140 കുപ്പിവെള്ള നിര്‍മാതാക്കളില്‍ 100 പേരാണ് വില കുറച്ച് വെള്ളം വില്‍ക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ കടയുടമകള്‍ വില കുറച്ചല്ല വില്‍ക്കുന്നത്. തൃശൂര്‍ വടക്കേ ബസ് സ്റ്റാൻഡിന് സമീപത്തെ കടയില്‍ വെള്ളം വാങ്ങാൻ കയറി. വില കുറച്ച കമ്പനിയുടെ വെള്ളം പഴയ വിലയ്ക്ക് എടുത്തു തന്നു.

തൃശൂര്‍ റൗണ്ടിലുളള കടയില്‍ കയറി. വില കുറച്ച കമ്പനിയുടെ വെള്ളം ചോദിച്ചപ്പോഴും വിലയില്‍ കുറവില്ല. 12 രൂപയേ തരൂ എന്ന് ഉറപ്പിച്ചു പറഞ്ഞപ്പോള്‍ എങ്കില്‍ വെള്ളമില്ലെന്നാണ് മറുപടി. അടുത്ത കടയിലും ഇതുതന്നെ അവസ്ഥ. കുപ്പിയില്‍ 20 രൂപ എന്നാണ് പ്രിൻറ് ചെയ്തിരിക്കുന്നതെന്നാണ് ന്യായീകരണം. 

8 രൂപയ്ക്ക് നിര്മ്മാതാക്കള്‍ നല്കുന്ന വെള്ളമാണ് കടയുടമകള്‍ 20 രൂപയ്ക്ക് വില്‍ക്കുന്നത്. 12 രൂപയ്ക്ക് വിറ്റാല്‍ ലാഭം കുറയുമെന്നതു കൊണ്ടാണ് നിര്‍ദേശം നടപ്പാക്കാൻ കടയുടമകള്‍ മടിക്കുന്നത്.