രാജ്യത്ത് ഉപയോഗിക്കുന്ന കറന്‍സിയുടെ പകുതിയും 100 ബോളിവര്‍ നോട്ടുകളാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവ പിന്‍വലിച്ചത്. പകരം നിലവിലുള്ള നാണയങ്ങളും ഉയര്‍ന്ന മൂല്യമുള്ള പുതിയ കറന്‍സിയും മാറ്റി നല്‍കാനായിരുന്നു തീരുമാനം. വന്‍തോതില്‍ നോട്ടുകള്‍ കൈവശം വച്ചിരുന്ന കള്ളക്കടത്ത് മാഫിയകളെ തകര്‍ക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. 10 ദിവസത്തിനകം നോട്ടുകള്‍ മാറ്റിയെടുക്കാനായിരുന്നു നിര്‍ദ്ദേശം. ഇതോടെ ബാങ്കുകള്‍ക്ക് മുമ്പില്‍ ജനം തടിച്ചുകൂടി. പക്ഷേ ഉടന്‍ പുറത്തിറക്കുമെന്നറിയിച്ച 500, 2000, 20,000 ബോളിവറിന്റെ പുതിയ നോട്ടുകള്‍ എത്തിയില്ല. നാണയങ്ങള്‍ കിട്ടിയതാകട്ടെ ചിലര്‍ക്ക് മാത്രം.  

രാജ്യത്ത് 40 ശതമാനം പേര്‍ക്കും ബാങ്ക് അക്കൗണ്ടില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കി. കയ്യിലുള്ള പണം ഉപയോഗിക്കാനാകാതെ വന്നതോടെ ജനം പ്രതിഷേധവുമായി തെരുവിലിറങ്ങി. ഭക്ഷണശാലകളും സൂപ്പര്‍ മാര്‍ക്കറ്റുകളും കൊള്ളയടിച്ചു.  സ്ഥിതി കൈവിട്ടുപോകുമെന്ന് വന്നതോടെയാണ് നോട്ട് പിന്‍വലിക്കല്‍ മരവിപ്പിക്കാന്‍ പ്രസിഡന്റ് തീരുമാനിച്ചത്. പിന്‍വലിച്ച 100 ബോളിവര്‍ നോട്ടുകള്‍ ജനുവരി രണ്ടുവരെ ഉപയോഗിക്കാമെന്ന് മദുരോ അറിയിച്ചു. രാജ്യത്തിന് പുറത്ത് അച്ചടിച്ച ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ വിമാനത്തില്‍ എത്തിക്കുന്നത് ശത്രുക്കള്‍ തടഞ്ഞെന്നും ഈ അട്ടിമറിയാണ് നോട്ട് പിന്‍വലിക്കല്‍ തീരുമാനം പരാജയപ്പെടാന്‍ കാരണമെന്നുമൊക്കെയാണ് മദുരോ നല്‍കുന്ന വിശദീകരണം.