മലപ്പുറം: വേങ്ങര നാളെ പോളിംഗ് ബൂത്തിലേക്ക്. ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രങ്ങളുടേയും പോളിംഗ് സാമഗ്രികളുടേയും വിതരണം ഇന്ന് നടക്കും. രാവിലെ 9 മണിയോടെ തിരൂരങ്ങാടി PSMO കോളേജിലാണ് വിതരണം . മണ്ഡലത്തിൽ ആകെ 165 പോളിംഗ് സ്റ്റേഷനുകളുണ്ട്. 148 പോളിംഗ് ബൂത്തുകളും ക്രമീകരിച്ചു. മുഴുവൻ ബൂത്തുകളിലും വിവിപാറ്റ് സംവിധാനം ഉപയോഗിച്ചുള്ള സംസ്ഥാനത്തെ ആദ്യ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഉപതെരഞ്ഞെടുപ്പിനുണ്ട്. ഒരു ലക്ഷത്തി എഴുപതിനായിരത്തി ആറ് വോട്ടർമാരാണ് വേങ്ങരയിൽ ഉള്ളത്. ഇതിൽ 87,748 പുരുഷന്മാരും 82,258 സ്ത്രീകളുമുണ്ട്. ഞായറാഴ്ചയാണ് ഫലപ്രഖ്യാപനം.

രണ്ടാഴ്ചയിലേറെ നീണ്ട വേങ്ങരയിലെ പരസ്യ പ്രചാരണം ഇന്നലെയാണ് അവസാനിച്ചത്. ഒന്നര വർഷത്തിനിടയിലെ മൂന്നാമാത്തെ തെരഞ്ഞെടുപ്പ് ആണെങ്കിലും വേങ്ങരയുടെ തെരഞ്ഞെടുപ്പ് ആവേശത്തിന് കുറവൊന്നുമില്ല. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പോലീസും ജില്ലാ ഭരണകൂടവും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.വെങ്ങരയിലെ സംസ്ഥാന പാതയിൽ ഉച്ച തിരിഞ്ഞു പ്രചരണം അനുവദിച്ചില്ല. അതിനാൽ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചായിരുന്നു കൊട്ടിക്കലാശം.

കൊട്ടിക്കലാശത്തിൽ മൂന്നു മുന്നണികളും കരുത്തു തെളിയിച്ചു. നാളെ നിശബ്ദ പ്രചരണമാണ്. മറ്റന്നാളാണ് വോട്ടെടുപ്പ്. വിജയ അഹ്ലാദ പ്രകടനം നടത്താൻ ആർക്കായിരിക്കും അവസരമെന്നറിയൻ ഞായറാഴ്ച വരെ കാത്തിരിക്കാം.

രണ്ടാഴ്ച നീണ്ടു നിന്ന പ്രചരണം സ്ഥാനാർത്ഥികൾക്ക് വ്യത്യസ്ത അനുഭവമാണ് സമ്മാനിച്ചത്. പ്രചാരണം നടത്തി മതിയായില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി പറയുന്നു. പ്രചാരണത്തിരക്കിൽ കാലിന്റെ വേദന ഇടതുസ്ഥാനാർഥി മറന്നു. പ്രവർത്തകരുടെ ആവേശമായിരുന്നു തന്റെ ഊർജ്ജമെന്ന് ബിജെപി സ്ഥാനാർത്ഥി പറയുന്നു.