തിരുവനന്തപുരം: ഗംഗേശാനന്ദസ്വാമിയുടെ ലിംഗച്ഛേദം നടത്തിയ സംഭവത്തിൽ പൊലീസിന് ആദ്യം നൽകിയ മൊഴി പെണ്‍കുട്ടി കോടതിയിൽ തിരുത്തി നല്കി. മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയ സ്വാമി കത്തി കാട്ടി ഭീഷണിപ്പെടുത്തി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നും ഇതിനിടയിൽ താൻ കത്തി പിടിച്ചുവാങ്ങി ലിംഗം മുറിച്ചുമാറ്റുകയായിരുന്നുവെന്നും യുവതി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകി.
ആദ്യം താൻ കൈയിൽ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് സ്വാമിയുടെ ലിംഗം മുറിച്ചെന്നാണ് യുവതി അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയത്. മാതാപിതാക്കളുടെ പങ്കിനെക്കുറിച്ച് പൊലീസിനോട് പറയാൻ യുവതി വൈമനസ്യം കാട്ടിയിരുന്നു.
എന്നാല്‍ പിന്നീട് കോടതിയിൽ മാതാവിനെതിരായി മൊഴി നൽകി. സംഭവത്തിൽ മാതാവിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായും യുവതിയുടെ മൊഴിയില്‍ പരാമര്‍ശമുണ്ടെന്നാണ് വിവരം. സ്വാമി വർഷങ്ങളായി പീഡിപ്പിക്കുകയായിരുന്നു. വീട്ടുകാർ അന്ധമായി സ്വാമിയെ വിശ്വസിച്ചിരുന്നതിനാൽ തന്നെ ഉപദ്രവിക്കുന്ന കാര്യം വിശ്വസിക്കുമായിരുന്നില്ല. ഒരുഘട്ടത്തിൽ സ്വയം ജീവനൊടുക്കാൻ തീരുമാനിച്ചിരുന്നു. സംഭവദിവസം രാത്രി വീട്ടിലെത്തിയ സ്വാമി ലൈംഗികബന്ധത്തിന് നിർബന്ധിച്ചുവെങ്കിലും വഴങ്ങിയില്ല.
മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. നിലവിളിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. ഇതോടെ ജീവൻ രക്ഷാർഥവും പീഡനം സഹിക്കവയ്യാതെയും സ്വാമിയിൽനിന്ന് കത്തി തട്ടിപ്പറിച്ച് ലിഗം ഛേദിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു.
കോടതിയിൽ മൊഴി മാറ്റിപ്പറഞ്ഞതോടെ യുവതിയുടെ മാതാപിതാക്കളെ പൊലീസ് വീണ്ടും ചോദ്യംചെയ്തേക്കും. മാതാവിനെതിരെ കേസെടുക്കുന്ന കാര്യവും പൊലീസിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
