മഴയാണ്, കറന്റാണ്. മഴ വിളിക്കും, കറന്റ് പോകും. ഒരു തവണയെങ്കിലും കെഎസ്ഇബിയിൽ വിളിച്ചിട്ടുള്ളവർക്കായി ഒരു വീഡിയോ

മഴയിങ്ങനെ തകർത്തു പെയ്തുകൊണ്ടിരിക്കുകയാണ്. റോഡേതാ, വഴിയേതാ എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധത്തിലാണ് അതിഭയങ്കര മഴ. ഈ കാറ്റത്തും മഴയത്തും ഏറ്റവും കൂടുതൽ ചീത്തവിളി കേൾക്കുന്നതും എന്നാൽ മഴയും കാറ്റും വകവയ്ക്കാതെ ജോലിചെയ്യുന്നവരുമായ ഒരു കൂട്ടരുണ്ട്. കെസ്ഇബിക്കാർ. മഴക്കാലത്ത് കറന്റ് പോയാൽ ആദ്യം വിളിക്കുന്നത് കെഎസ്ഇബി ഓഫീസിലേക്കാണ്. അവരെ ഫോണിൽ കിട്ടിയാലും കിട്ടിയില്ലെങ്കിലും ചീത്തവിളി ഉറപ്പാണ്. എന്നാൽ ഇങ്ങനെ ചീത്തവിളി കേൾക്കേണ്ടവരല്ല കെഎസ്ഇബി ജീവനക്കാർ എന്ന് പറയുകയാണ് 'കാറ്റ് വന്ന് വിളിക്കുമ്പോൾ' എന്ന വീഡിയോ. ''മഴയാണ്, കറന്റാണ്, മഴ വിളിച്ചു, കറന്റ് പോയി'' എന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റേഡിയോ ജോക്കിയും എഴുത്തുകാരനുമായ ജെനിത് കാച്ചപ്പിള്ളി ഒരുക്കിയിരിക്കുന്ന ഈ വീഡിയോ സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി തന്റെ പേജിൽ ഷെയറ്‍ ചെയ്തിട്ടുണ്ട്. 'ആരോ ഒരാൾ അയച്ചുതന്നതാണ്. ഷെയർ ചെയ്തു. കൂടുതൽ പേർ കാണണം എന്ന് തോന്നി' എന്നാണ് മന്ത്രി കൂടെ കുറിച്ചിരിക്കുന്നത്. കെഎസ്ഇബി ജീവനക്കാർക്ക് സല്യൂട്ട് പറഞ്ഞുകൊണ്ടാണ് ഒന്നരമിനിറ്റ് ദൈർഘ്യമുള്ള വീഡിയോ അവസാനിക്കുന്നത്. എന്തായാലും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ഒരു തവണയെങ്കിലും കെഎസ്ഇബിയിൽ വിളിച്ചിട്ടുള്ളവർക്ക് വേണ്ടിയാണ് ജെതിൻ ഈ വീഡിയോ സമർപ്പിച്ചിരിക്കുന്നത്.