ഭോപ്പാല്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ ഒളിക്യാമറയില്‍ കുടുക്കി. ഭോപ്പാലിലെ ഛത്തര്‍പൂര്‍ ജില്ലയിലെ ഹര്‍പാല്‍പൂരിലാണ് സംഭവം. ഗംഗാപ്രസാദ് മിഡില്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ശ്യാംകാന്ത് ശര്‍മയാണ് (48) കുട്ടികളുടെ ഒളിക്യാമറയില്‍ കുടുങ്ങിയത്.

സ്കൂള്‍ ഹോസ്റ്റലില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കട്ടിയെയും പെണ്‍കുട്ടിയെയും ഇയാള്‍ പീഡനത്തിനിരയാക്കുകയായിരുന്നു. ശര്‍മയുടെ ശല്യം സഹിക്കാനാവാതെ കുട്ടികള്‍ വീഡിയോ പകര്‍ത്തുകയായിരുന്നു. ഇത് ഏതാനും ദിവസം മുന്‍പ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടു. ഇതിപ്പോള്‍ വൈറലായിരിക്കുകയാണ്.

വീഡിയോ ശ്രദ്ധയില്‍പ്പെട്ട പൊലീസ് ശര്‍മയ്‌ക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. ഒരു മാസം മുമ്പ് പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളാവാം ഇതെന്നാണ് പൊലീസ് പറയുന്നത്. ശ്യാംകാന്ത് ശര്‍മ കഴിഞ്ഞ 15 ദിവസമായി ഒളിവിലാണ്.