ആര്‍ടി ഓഫീസുകളില്‍ മധുരം വിളമ്പി ഗതാഗത കമ്മീഷണര്‍ സ്ഥാനം തെറിച്ചതിന് പിന്നാലെ തച്ചങ്കരിക്കെതിരെ വിജിലന്‍സ് കേസും. മലിനീകരണം കൂടിയ ഹെവി വാഹനങ്ങള്‍ക്ക് രജിസ്‍ട്രേഷനില്‍ മൂന്ന് മൂസം കൂടി ഇളവ് നല്‍കി. വാഹന പുകപരിശോധനാ കേന്ദ്രങ്ങളില്‍ ഒരു കമ്പനിയുടെ സോഫ്റ്റ് വെയര്‍ മാത്രം ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കി. വാഹന ഡീലര്‍മാര്‍ക്ക് നികുതി ഇളവ് നല്‍കി തുടങ്ങിയ നിരവധി പരാതികളിലാണ് കേസ്. ലഭിച്ച പരാതികളില്‍ വിജിലന്‍സ് ആദ്യം ത്വരിതപരിശോധന നടത്തി. പരിശോധനയില്‍ ക്രമക്കേടുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റ് കേസ് എടുത്തത്.

പാലക്കാട് ആര്‍ടിഒ അടക്കമുള്ള ഉദ്യോഗസ്ഥരുമായി തച്ചങ്കരി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയും വിജിലന്‍സ് തെളിവായി സ്വീകരിച്ചിട്ടുണ്ട്. ശബ്ദരേഖയില്‍ പണമിടപാടിനെ കുറിച്ച് പരാമര്‍ശമുണ്ടെന്നാണ് വിവരം. തച്ചങ്കരിക്കൊപ്പം പാലക്കാട് ആര്‍ടിഒ ശരവണനെതിരെയും കേസ് എടുത്തിട്ടുണ്ട്.