കൊച്ചി: മുന്‍ മന്ത്രി കെ ബാബുവിന്‍റെയും ബന്ധുക്കളുടേയും ബാങ്ക് ലോക്കറുകളില്‍ നിന്ന് റെയ്ഡിന് മുന്പ് സ്വര്‍ണം ഉള്‍പ്പെടെയുള്ളവ കടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ വിജിലന്‍സ്. ബാങ്കുകളിലെ സിസി ടിവി ദൃശ്യങ്ങളുടെ പരിശോധന തുടങ്ങി. ജൂലൈ ,ആഗസ്റ്റ് മാസങ്ങളില്‍ ബാബുവിന്റെ ഭാര്യ ഗീത ബാങ്കിലെത്തിയതിന്റെ ദൃശ്യങ്ങള്‍ വിജിലന്‍സ് പിടിച്ചെടുത്തു. ബാബുവിന്റെയും ഭാര്യയുടെയും ലോക്കറുകള്‍ പരിശോധിച്ചപ്പോള്‍ ഒന്നും കണ്ടെത്താന്‍ കഴിയാത്തതാണ് സംശയത്തിന് ഇടയാക്കിയത്.
കെ ബാബുവിന്റെ തൃപ്പുണിത്തുറ എസ് ബി ടി ശാഖയിലെയും ഭാര്യ ഗീതയുടെ എസ് ബി ഐ ശാഖയിലേയും ലോക്കറുകള്‍ ഈ മാസം ആദ്യം വിജിലന്‍സ് പരിശോധിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഒന്നും ഉണ്ടായിരുന്നില്ല. വീട്ടില നടത്തിയ റെയ്ഡില്‍ 22 പവന്‍ സ്വര്‍ണം കണ്ടെടുത്തിരുന്നു. എന്നാല്‍ രണ്ട് പെണ്‍മക്കളുടേയും മരുമക്കളുടേയം ലോക്കറുകളില്‍ നിന്ന് സ്വര്‍ണം ഉള്‍പ്പെടെ കണ്ടെടുക്കകയും ചെയ്തു. റെയ്ഡിന് ഒരു മാസം മുമ്പേ ബാബുവും ഭാര്യയും ലോക്കറുകളില്‍ നിന്ന് സ്വര്‍ണം ഉള്‍പ്പെടെയുള്ളവ കടത്തിയിരിക്കാമെന്ന് വിജിലന്‍സ് കരുതുന്നത്. ഈ സാഹചര്യത്തിലാണ് ബാബു വിനും ബന്ധുക്കള്‍ക്കും അക്കൗണ്ടുള്ള മുഴുവന്‍ ബാങ്കുകളിലേയും സിസിടി വി ദൃശ്യങ്ങള്‍ ആവശ്യപെട്ടിരിക്കുന്നത്.
ഏതെല്ലാം ദിവസങ്ങളില്‍ ആരെല്ലാം ബാങ്കുകളിലെത്തിയെന്നും ലോക്കറുകള്‍ ഉപയോഗിച്ചു എന്നും കണ്ടെത്തുകയാണ് ഉദ്ദേശ്യം. ജൂലൈ 27 നും സെപ്തംബര്‍ 10 നും ബാബുവിന്റെ ഭാര്യ ഗീത എസ്ബിഐ ശാഖയില്‍ എത്തിയതിന്റെ ദൃശ്യങ്ങല്‍ ലഭിച്ചു. ഈ ദിവസങ്ങളില്‍ സാമ്പത്തിക ഇടപാടുകള്‍ ഗീത നടത്തിയിട്ടില്ല. ലോക്കറില്‍ നിന്ന് സ്വര്‍ണം ഉള്‍പ്പെടെ മാറ്റാന്‍ വേണ്ടി മാത്രമാകണം ഗീത എത്തിയതെന്നാണ് വിജിലന്‍സിന്റെ അനുമാനം. ഇതിനിടെ തേനിയില്‍ നാലിടത്ത് ഭുമി വാങ്ങിയതുമായ ബന്ധപ്പെട്ട് കെ ബാബുവിന്റെ മരുമക്കളായ വിപിന്‍, രജീഷ് എന്നിവരെ വിജിലന്‍സ് ഓഫീസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തു.
ബാങ്ക് വായ്പയും ബിസിനസിലെ വരുമാനവും ഉപയോഗിച്ചാണ് 2008 ല്‍ ഭൂമി വാങ്ങിയത് എന്നാണ് ഇരുവരും വിശദീകരണം നല്‍കിയത്. 94 ലക്ഷം രൂപയാണ് ചെലവാക്കിയത്. എന്നാല്‍ ഇടപാടിന്റെ ഒരു ചെറിയ ശതമാനം മാത്രമാണ് ബാങ്ക് വായപയെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ബാക്കി പണം വന്ന വഴിയെക്കുറിച്ചുള്ള വിശദീകരണം തൃപ്തികരമല്ല എന്നാണ് അന്വേഷണ സംഘം പറയുന്നത്. തേനിയിലെ ഭൂമി കെ ബാബു ബിനാമി ഇടപാടിലുടെ വാങ്ങിയെന്നാണ് വിജിലന്‍സിന്റെ ആരോപണം.
