മത്സ്യം, മാംസം, പച്ചക്കറി, പഴങ്ങള്‍, വെളിച്ചെണ്ണ, ബേക്കറി-ഹോട്ടല്‍ ഭക്ഷണങ്ങള്‍ എന്നിങ്ങനെ സാധാരണ മനുഷ്യന്‍ കഴിക്കുന്നതെന്തിലും മായവും വിഷാംശവും ഉണ്ടെന്ന ഏഷ്യാനെറ്റ് ന്യൂസ് റോവിങ് റിപ്പോര്‍ട്ടര്‍ അന്വേഷണങ്ങളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന വിജിലന്‍സ് വകുപ്പിന്റെ പുതിയ നീക്കം. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് തന്നെ കൊച്ചിയിലെത്തി ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചു. ഭക്ഷണത്തിലെ മായം സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് അവതരിപ്പിച്ച പത്ത് റിപ്പോര്‍ട്ടുകള്‍ വിജിലന്‍സ് ഡയറക്ടര്‍തന്നെ എറണാകുളം റേഞ്ച് ഉദ്യോഗസ്ഥര്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഭക്ഷണത്തിലെ മായം നിയന്ത്രിക്കുന്നതും തടയുന്നതും സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജേക്കബ് തോമസ് നിര്‍ദേശിച്ചിട്ടുണ്ട്. ധാന്യങ്ങളടക്കം ആറുവിഭാഗങ്ങളിലെ മായത്തെക്കുറിച്ച് അന്വേഷിക്കാനാണ് നിര്‍‍ദേശം

മായവും വിഷാംശവും തടയുന്നതിന് ഉദ്യോഗസ്ഥതലത്തില്‍ വീഴ്ചയുണ്ടോ, എന്ത് പരിമിതികളാണുളളത്, എന്തൊക്കെ പരിഷ്കാരമാണ് വേണ്ടത്, എവിടെയാണ് പിഴവ് പറ്റിയത്, എവിടെയാണ് പഴുതുകളുള്ളത് എന്നിവ സംബന്ധിച്ചെല്ലാം വിജിലന്‍സ് പരിശോധിക്കും. പ്രാഥിമികാന്വേഷണ റിപ്പോ‍ര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍തന്നെ ആദ്യപ‍ടിയായി  സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും. മായം തടയുന്നതിന് വിജിലന്‍സ് വകുപ്പിന് സ്വീകരിക്കാവുന്ന നടപടിക്രമങ്ങളുടെയും നിയമങ്ങളുടെയും പട്ടികയും വിജിലന്‍സ് സംഘം തയാറാക്കിയിട്ടുണ്ട്.