തിരുവനന്തപുരം: കഴിഞ്ഞ ഒന്നരവർഷത്തിനുള്ളിൽ 28 റവന്യൂ ഉദ്യോഗസ്ഥർകെതിരെയാണ് വിജിലൻസ് നടപടിക്ക് ശുപാർശ ചെയ്തത്. മിന്നല്‍ പരിശോധനയിൽ മാത്രം കുടുങ്ങിയവരാണ് ഇവര്‍. ക്വാറികള്‍ക്കും ഒത്താശ ചെയ്തതിനും രേഖകള്‍ തിരുത്തിയതിനുമാണ് മിക്ക റവന്യൂ ഉദ്യോഗസ്ഥരെയും വിജിലൻസ് നടപടിക്ക് ശുപാർശ ചെയ്തത്. 

ഒരു തഹസിൽദാർ, 24 വില്ലേജ് ഓഫീസര്‍മാർ, രണ്ട് വില്ലേജ് അസിസ്റ്റന്‍റുമാര്‍, ഒരു എൽഡി ക്ലർക്ക്, കഴിഞ്ഞ ഒന്നരവ‍ർഷത്തെ മിന്നൽ പരിശോധയിൽ വിജിലൻസ് കെണിയിൽ വീണ ഉദ്യോഗസ്ഥ പട്ടികയാണിത്. ഓഫീസ് മാറിയപ്പോള്‍ ഫർണിച്ചവർ മറിച്ചുവിറ്റവർ, ക്വാറികള്‍ക്ക് ഒത്താശ ചെയ്തവർ, പാടത്തെ പുരയിടമാക്കിവർ, ഏതും കാര്യം സാധിക്കാനും കൈക്കൂലി വാങ്ങുന്ന വിരുതർ- ഈ ഗണത്തിൽപ്പെട്ടവരാണ് കുരുങ്ങിയത്. 

മൈനിംഗ് ആന്‍റ് ജിയോളജിവകുപ്പിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അനധികൃത ക്വാറികള്‍ക്ക് സഹായം ചെയ്തതിനാണ് മൂവാറ്റുപ്പുഴ തഹസിൽദാറായിരുന്ന എം.എൽ.അനിൽകുമാറിനെതിരെ നടപടിക്ക് ശുപാർശ ചെയ്തത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നൽകേണ്ട സർട്ടിഫിക്കറ്റുകള്‍ നൽകാത്ത ഉദ്യോഗസ്ഥരും, പരാതികളും അപേക്ഷകളും പൂഴ്ത്തിവയ്ക്കുന്നവരുമുണ്ട്. 

ചില അപേക്ഷകളിൽ മിന്നൽ വേഗത്തിൽ തീരുമാനമെടുക്കുന്ന ഉദ്യോഗസ്ഥർ മറ്റ് അപേക്ഷകളിൽ കാലതാമസം വരുത്തുകയും ന്യായങ്ങള്‍ നിരത്തുകയും ചെയ്യുന്നത് വിജിലൻസ് നിരീക്ഷത്തിൽ ശ്രദ്ധിച്ചു. കൈമടക്ക് കിട്ടുന്നവ‍ക്ക് കാര്യങ്ങള്‍ എളുപ്പത്തിലാകുന്നവെന്ന വ്യക്തമായതോടെയാണ് ഈ ഉദ്യോഗസ്ഥരുടെ ഓഫീസുകളിൽ പരിശോധന നടത്തിയത്.

പക്ഷ വകുപ്പുതല നടപടികള്‍ക്ക് വിജിലൻസ് ഡയറക്ടർ നൽകുന്ന ശുപാ‍ർശകളിൽ എന്തെങ്കിലും നടപടി വകുപ്പ് സ്വീകരിക്കുന്നത് വർഷങ്ങള്‍ക്കുശേഷമാണ്. ഇതിനിടയിൽ ഈ ഉദ്യോഗസ്ഥർ പലരും സ്ഥാനകയറ്റം നേടുകയോ, മറ്റ് പ്രധാനപ്പെട്ട ഓപീസുകളുടെ ചുമതലകളിലേക്ക് മാറുകയോ ചെയ്യുകയാണ് നടന്നുവരുന്നത്.