സിപിഎം നേതാക്കളുടെ ബന്ധുക്കളെ പിരിച്ചുവിടണമെന്ന ശുപാര്‍ശ പൂഴ്ത്തി. രണ്ട് വര്‍ഷം മുമ്പാണ് വിജിലന്‍സ് ശുപാര്‍ശ നല്‍കിയത് . നായനാരുടെ ബന്ധു സൂരജ് രവീന്ദ്രന്‍, ഇ.പി.ജയരാജന്‍റെ ബന്ധു, എം.കെ. ജിന്‍സണ്‍, ആനത്തലവട്ടം ആനന്ദന്‍റെ മകന്‍ ജീവന്‍ ആനന്ദ് എന്നിവരെ പുറത്താക്കണമെന്നായിരുന്നു സുപാര്‍ശ. 

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തുള്ള സിപിഎം നേതാക്കളുടെ മക്കളെ പുറത്താക്കണമെന്ന വിജിലൻസ് ശുപാർശ പൂഴ്ത്തി സർക്കാർ. വിജിലന്‍സ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. നടപടിക്രമം പാലിക്കാതെ. ജോലിക്ക് വേണ്ടി വ്യാജരേഖ ഹാജരാക്കിയ കോലിയക്കോട് കൃഷ്ണൻ നായരുടെ മകൻ ഉണ്ണികൃഷ്ണനെതിരെ കേസെടുക്കണമെന്ന റിപ്പോർട്ടും സർ‍ക്കാർ മുക്കി.

കിൻഫ്രക്ക് കീഴിലെ വിവിധ സ്ഥാപനങ്ങളിലെ സുപ്രധാന തസ്തികയിലുള്ള ഇ.കെ.നായരുടെ ചെറുമകൻ സൂരജ് രവീന്ദ്രൻ, ആനത്തലവട്ടം ആനന്ദൻറെ മകൻ ജീവൻ ആനന്ദ്, ഇപി ജയരാജന്‍റെ ബന്ധു എംകെ ജിൻസണ്‍ എന്നിവരെ പിരിച്ചുവിടാനായിരുന്നു ശുപാർശ. നടപടിക്രമം പാലിക്കാതെയാണ് നിയമനമെന്നും വിജിലൻസ് ക്ലിയറൻസ് നേടിയില്ലെന്നുമായിരുന്നു കണ്ടെത്തൽ. നിയമനം നൽകിയ വ്യവസായ വകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പോള്‍ ആന്‍റണിക്കാണ് ഉത്തരവാദിത്വമെന്നും റിപ്പോർ‍ട്ടിൽ പറയുന്നു. സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണൻ നായരുടെ മകൻ ടി. ഉണ്ണികൃഷ്ണൻ നിയമനം ലഭിക്കാൻ വ്യാജ രേഖകള്‍ നൽകിയെന്നും കണ്ടെത്തി. 2000ത്തിൽ എഞ്ചിനയറിംഗി പൂർത്തിയാക്കിയ ഉണ്ണികൃഷ്ണൻ 1996ൽ എഞ്ചിനിർ ബിരുദം നേടിയെന്ന സർട്ടിഫിക്കറ്റാണ് കിൻഫ്രയിൽ നൽകിയത്. കിൻഫ്രപാർക്കിലെ ബ്രൂവറി അനുമതിക്ക് പിന്നാലെയാണ് ഉണ്ണികൃഷ്ണനെതിരായ വിജിലൻസ് റിപ്പോർട്ട് പുറത്തുവരുന്നത്.

ഇ. പി ജയരാജൻ ഉൾപ്പെട്ട ബന്ധുനിയമനകേസ് അന്വേഷണത്തിന്‍റെ ഭാഗമായാണ് മറ്റ് നേതാക്കളുടെ മക്കളുടെ നിയമനക്രമക്കേടും വിജിലൻസ് അന്വേഷിച്ചത്. ജയരാജന്‍റെ ബന്ധുവും പികെ ശ്രീമതിയുടെ മകനുമായ സുധീർ നമ്പ്യാര്‍ കെസ്ഐഇ എംഡിയായി ഉത്തരവിറക്കിയത് മരവിപ്പിച്ചെന്ന വാദം ഉയർത്തിയാണ് കേസ് തള്ളിയത്. നിയമനവും നടന്നില്ല. എന്നാൽ അനധികൃത നിയമനം നേടിയ മറ്റുള്ളവർ ഇപ്പോഴും ജോലിയിൽ തുടരുകയാണ്.