കഴിഞ്ഞ ഇടത് സര്‍ക്കാറിന്റെ കാലത്ത് നടപ്പാക്കിയ സ്‌പോര്‍ട് ലോട്ടറിയിലെ ക്രമക്കേടുകള്‍, പത്ത് വര്‍ഷത്തിനിടയില്‍ സ്‌പോര്‍ട്സ് കൗണ്‍സിലില്‍ നടത്തിയ നിയമനങ്ങള്‍, മുന്‍ ടെക്‌നിക്കല്‍ സെക്രട്ടറിയായിരുന്ന ബോബി അലോഷ്യസ് പഠനാവശ്യത്തിനായി നടത്തിയ ഇംഗ്‌ളണ്ട് യാത്രയിലെ ക്രമക്കേടുകള്‍, വിവിധ കളിസ്ഥലങ്ങള്‍ നിര്‍മ്മിച്ചതിലെയും ഗുണനിലവാരത്തിനെതിരെയും ഉയര്‍ന്ന ആരോപണങ്ങള്‍ എന്നിവയെല്ലാമാണ് വിജയിലന്‍സ് അന്വഷണ പരിധിയില്‍ വരിക. മുന്‍ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്ജ് അടക്കം നിരവധി ആളുകള്‍ നല്‍കിയ പരാതിയിലും മാധ്യമ വാര്‍ത്തകളെയും അടിസ്ഥാനമാക്കിയാകും അന്വേഷണം. സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന അഞ്ജുവും കായിക മന്ത്രി ഇപി ജയരാജനും തമ്മില്‍ സ്‌പോര്‍ട് കൗണ്‍സിലിലെ ക്രമക്കേടിനെക്കുറിച്ച് ഏറ്റുമുട്ടല്‍ നടന്നിരുന്നു. നിലവിലുള്ള കൗണ്‍സില്‍ അംഗങ്ങളെല്ലാം അഴിമതിക്കാരാണെന്ന ആരോപണവും ഉയര്‍ന്നു. എന്നാല്‍ തന്റെ കാലത്ത് മാത്രമല്ല പത്ത് വര്‍ഷത്തെ കാര്യങ്ങള്‍ അന്വേഷിക്കട്ടെ എന്നായിരുന്നു അഞ്ജു വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞത്. ഡയറക്ടര്‍ ജേക്കബ് തോമസ് തന്നെ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ വൈകിയത് വിവാദങ്ങള്‍ക്കിടയിക്കിയിരുന്നു. കൗണ്‍സിലിന്റെ പുതിയ പ്രസിഡന്‍ഡായി ടി പി ദാസന്‍ തന്നെ ചുമതലയേല്‍ക്കാനിരിക്കുകയാണ്. ഇതിനിടയിലാണ് ദാസന്റെ കാലത്ത് നടപ്പാക്കിയ സ്‌പോര്‍ട്സ് ലോട്ടറി അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവ്.