ലണ്ടന്‍: ലണ്ടനില്‍ അറസ്റ്റിലായ വിവാദ വ്യവസായി വിജയ് മല്യയ്ക്ക് മൂന്ന് മണിക്കൂറിനുള്ളില്‍ ജാമ്യം. ഇന്ത്യന്‍ സമയം 2 മണിക്കാണ് ബ്രിട്ടീഷ് പോലീസ് ലണ്ടനില്‍വച്ച് വിജയ് മല്യയെ അറസ്റ്റ് ചെയ്തത്. സ്കോര്‍ട്ട്ലാന്‍റ് യാര്‍ഡ് പോലീസാണ് മല്ല്യയെ അറസ്റ്റ് ചെയ്തത്. ഇന്ത്യയില്‍ 9000 കോടിയുടെ വായിപ്പകുടിശിക വരുത്തിയ കേസിലാണ് അറസ്റ്റ്. അടുത്തമാസം 12വരെയാണ് ജാമ്യം. 

പിന്നീട് മല്യയെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ ഹാജറാക്കുകയായിരുന്നു. വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറും എന്ന റിപ്പോര്‍ട്ടുകള്‍ പരക്കുന്നതിനിടെയാണ് മല്യ ജാമ്യം നേടിയത്.അതിനിടയില്‍ മല്യയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള അപേക്ഷയില്‍ കോടതി നടപടികള്‍ ആരംഭിച്ചു. ഇത് പ്രതീക്ഷിച്ച നടപടിയാണെന്നാണ് മല്യ ട്വീറ്റ് ചെയ്തത്. സിബിഐ നിര്‍ദേശപ്രകാരമാണ് അറസ്റ്റ് എന്നാണ് സ്കോര്‍ട്ട്ലാന്‍റ് യാര്‍ഡ് പോലീസ് വ്യക്തമാക്കുന്നത്.

അതിനിടയില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ പതിവ് ആഘോഷം തുടങ്ങിയെന്ന് മല്യ ട്വീറ്റ് ചെയ്തു

Scroll to load tweet…

9,000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളിൽ നിന്നും വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു മല്യ. തുടർന്ന് മല്യയെ വിട്ടുകിട്ടാൻ ഇന്ത്യ നയതന്ത്രതലത്തിൽ സമ്മർദ്ദം ചെലുത്തി വരുകയായിരുന്നു. ഇന്ത്യയുടെ ആവശ്യപ്രകാരമാണ് മല്യയെ ലണ്ടനിൽ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് ഇന്ത്യയ്ക്ക് വിട്ടുനൽകുമെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്

കിംഗ് ഫിഷർ എയർലൈൻസിന് വേണ്ടിയാണ് മല്യ വൻതുകകൾ ബാങ്കിൽ നിന്നും വായ്പയായി വാങ്ങിയത്. വൻ മുതൽ മുടക്കിൽ തുടങ്ങിയ കിംഗ് ഫിഷർ എയർലൈൻസ് നഷ്ടത്തിലായതോടെ കമ്പനി അടച്ചുപൂട്ടുകയായിരുന്നു. പിന്നീട് ബാങ്ക് ലോണുകൾ അടയ്ക്കാതെ മല്യ രാജ്യം വിടുകയും ചെയ്തു.