മുംബൈ: വായ്പയെടുത്ത് വിദേശത്തേക്ക് മുങ്ങുന്നതിനെതിരായ പുതിയ സാമ്പത്തിക കുറ്റകൃത്യ നിരോധന നിയമമനുസരിച്ച് കുറ്റവാളിയായി പ്രഖ്യാപിക്കുന്ന ആദ്യ വ്യക്തിയായി വിജയ് മല്യ. ഇതോടെ മല്യയുടെ എല്ലാ സ്വത്തു വകകളും കണ്ടുകെട്ടാനുള്ള എൻഫോഴ്സ്മെന്റിന് മുന്നിലെ തടസ്സങ്ങള്‍ നീങ്ങി. 

മുംബൈ പ്രത്യേക കോടതിയാണ് പുതിയ നിയമമായ ഫ്യുജിറ്റീവ് എക്കണോമിക് ഒഫന്‍ഡേഴ്സ് ആക്ട് 2018 പ്രകാരം  വിജയ് മല്യയെ  സാന്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചത്. മല്യയെ പ്രസ്തുത നിയമപ്രകാരം കുറ്റവാളിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റാണ് അപേക്ഷ നല്‍കിയത്.

സാമ്പത്തിക തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടക്കുന്നവരെ പൂട്ടാനുള്ള പുതിയ നിയമം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ രാഷ്ട്രപതി ഒപ്പുവച്ചതോടെയാണ് പ്രാബല്യത്തില്‍ വന്നത്. നീരവ് മോദി, മെഹുല്‍ ചോസ്കി തുടങ്ങിയ വന്‍കിട ബിസിനസുകാരുടെ സാമ്പത്തിക തട്ടിപ്പുകള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഇത്തരം കേസുകള്‍ക്ക് മാത്രമായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക നിയമനിര്‍മാണം നടത്തിയത്.