കടം വാങ്ങിയത് കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് ആണ്. വ്യാവസായിക തകര്‍ച്ചയെ തുടര്‍ന്ന് ആ പണം നഷ്ടമാവുകയായിരുന്നു. പണം വായ്പയെടുത്തത് താനല്ലെന്നും മല്യ

ലണ്ടന്‍: ബാങ്കുകളില്‍നിന്ന് താന്‍ ഒരു രൂപ പോലും കടം വാങ്ങിയിട്ടില്ലെന്ന് രാജ്യത്തെ ബാങ്കുകളെ പറ്റിച്ച് രാജ്യം വിട്ട മദ്യ വ്യവസായി വിജയ് മല്യ. കടം വാങ്ങിയത് കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് ആണ്. വ്യാവസായിക തകര്‍ച്ചയെ തുടര്‍ന്ന് ആ പണം നഷ്ടമാവുകയായിരുന്നുവെന്നും മല്യ ട്വീറ്റ് ചെയ്തു. വായ്പയെടുത്ത മുഴുവന്‍ തുകയും തിരിച്ചെത്തിക്കുമെന്ന് മല്യ ട്വീറ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. അതിന് പിന്നാലെയാണ് പണം വായ്പയെടുത്തിട്ടില്ലെന്ന അവകാശവാദവുമായി മല്യ രംഗത്തെത്തിയിരിക്കുന്നത്. 

Scroll to load tweet…

നൂറ് ശതമാനം പണവും തിരിച്ച് നല്‍കാമെന്നും പണം ദയവായി സ്വീകരിക്കൂ എന്നുമാണ് മല്യ ട്വീറ്റ് ചെയ്തത്. 'എടിഎഫ് (ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍)ന്‍റെ വില കുത്തനെ കൂടിയതോടെയാണ് കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് കമ്പനി കനത്ത നഷ്ടത്തിലായത്. അതുകൊണ്ടാണ് ബാങ്കില്‍ നിന്നെടുത്ത പണം നഷ്ടമായത്. 100 ശതമാനം പണവും അവര്‍ക്ക് തിരിച്ച് നല്‍കാം. ദയവായി സ്വീകരിക്കൂ' എന്നായിരുന്നു മല്യയുടെ കഴിഞ്ഞ ദിവസത്തെ ട്വീറ്റ്. 

Scroll to load tweet…

ഇന്ത്യയില്‍ നിന്ന് മുങ്ങിയ മല്യ ബ്രിട്ടണിലേക്ക് കടക്കുകയായിരുന്നു. മല്യയെ വിട്ട് കിട്ടണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മല്യയെ നാടുകടത്തണമോ എന്നത് സംബന്ധിച്ചുള്ള കേസില്‍ ബ്രിട്ടീഷ് കോടതി വിധി പറയാനിരിക്കെയാണ് മല്യ ട്വീറ്റുകളുമായി എത്തുന്നത്.

Scroll to load tweet…

ബാങ്കുകളില്‍നിന്നെടുത്ത പണം തിരിച്ചടയ്ക്കാതെ താന്‍ നാടുവിട്ടുവെന്നാണ് ഇന്ത്യന്‍ മാധ്യമങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും പറയുന്നത്. എന്നാല്‍ ഇത് കള്ളമാണ്. എന്തുകൊണ്ടാണ് കര്‍ണാടക ഹൈക്കോടതിയ്ക്ക് മുന്നിലുള്ള തന്‍റെ ഒത്തുതീര്‍പ്പ് വാഗ്ദാനം ആരും ശ്രദ്ധിക്കാത്തതെന്നും മല്യ ചോദിച്ചു.