രാവിലെ പത്ത് മണിക്ക് ആരംഭിച്ച യോഗത്തില്‍ തന്റെ ഭാഗം വിശദീകരിച്ചു സംസാരിച്ച വിജയന്‍ ചെറുകരയും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ഒരു അന്വേഷണകമ്മീഷനെ വച്ച് വിവാദങ്ങളെക്കുറിച്ച് അന്വേഷിക്കണം എന്ന നിലപാടായിരുന്നു സ്വീകരിച്ചത്.  

മാനന്തവാടി: മിച്ചഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് ഏഷ്യനെറ്റ് ന്യൂസ് നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയ സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി. കെ.രാജന്‍ എംഎല്‍എയ്ക്കാണ് പകരം ചുമതല. രണ്ട് മാസത്തേക്കാണ് വിജയന്‍ ചെറുകരയെ മാറ്റിയിരിക്കുന്നത്.

ചൊവ്വാഴ്ച്ച ചേര്‍ന്ന സിപിഐ വയനാട് ജില്ലാ കൗണ്‍സിലിലാണ് ഈ തീരുമാനമുണ്ടായത്. മിച്ചഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന പാര്‍ട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കിയെന്ന വിയിരുത്തലാണ് സംസ്ഥാന കമ്മിറ്റിയെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്ത സത്യന്‍ മൊകേരിയും, കെ.രാജന്‍ എംഎല്‍എയും പങ്കുവച്ചത്. 

ആരോപണം പുറത്തു വന്നതിന് പിന്നാലെ പാര്‍ട്ടിയോട് ചര്‍ച്ച ചെയ്യാതെ ജില്ലാ സെക്രട്ടറി ഏകപക്ഷീയമായി മാധ്യമങ്ങളോട് സംസാരിക്കുകയും പാര്‍ട്ടിയുടെ യുവജനവിഭാഗം വാര്‍ത്ത പുറത്തു വിട്ട റിപ്പോര്‍ട്ടര്‍ക്ക് നേരെ വധഭീഷണി മുഴകിയതടക്കമുള്ള കാര്യങ്ങളും ജില്ലാ സെക്രട്ടറിക്കെതിരെയുള്ള കുറ്റപത്രമായി ജില്ല കൗണ്‍സിലില്‍ അവതരിപ്പിക്കപ്പെട്ടു. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് അദ്ദേഹത്തെ പദവിയില്‍ നിന്നും മാറ്റാന്‍ കൗണ്‍സില്‍ തീരുമാനിച്ചത്. 

രാവിലെ പത്ത് മണിക്ക് ആരംഭിച്ച യോഗത്തില്‍ തന്റെ ഭാഗം വിശദീകരിച്ചു സംസാരിച്ച വിജയന്‍ ചെറുകരയും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ഒരു അന്വേഷണകമ്മീഷനെ വച്ച് വിവാദങ്ങളെക്കുറിച്ച് അന്വേഷിക്കണം എന്ന നിലപാടായിരുന്നു സ്വീകരിച്ചത്. 

വിജിലന്‍സ് അന്വേഷണത്തെ പാര്‍ട്ടി സ്വാഗതം ചെയ്യുന്നതായും എന്നാല്‍ വാര്‍ത്തയുടെ ഉള്ളടക്കതോട് വിയോജിപ്പുണ്ടെന്നും അടിയന്തര ജില്ലാ കൗണ്‍സില്‍ യോഗത്തിന് ശേഷം മാധ്യമങ്ങളെ സിപിഐ സംസ്ഥാന അസി.സെക്രട്ടറി സത്യന്‍ മൊകേരി പറഞ്ഞു. ട

അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറി നില്‍ക്കാന്‍ വിജയന്‍ ചെറുകര സ്വയം സന്നദ്ധതയറിയിക്കുകയായിരുന്നുവെന്നും ദേശീയ കൗണ്‍സില്‍ അംഗവും നിലവില്‍ വയനാട് ജില്ലയുടെ ചുമതല വഹിക്കുകയും ചെയ്യുന്ന കെ.രാജന്‍ എംഎല്‍എ വിജയന്‍ ചെറുകര മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കുമെന്നും സത്യന്‍ മൊകേരി വിശദമാക്കി.