ഈ ഗ്രാമത്തിന് ആണ്‍കുട്ടികള്‍ വേണ്ട പെണ്‍കുട്ടികള്‍ മതി ആഘോഷങ്ങള്‍ പെണ്‍കുട്ടികളുടെ ജീവിതത്തില്‍ കരിനിഴല്‍ മാത്രമാണ് പടര്‍ത്തുന്നത്

നീമുച്ച്: ആണ്‍കുട്ടികള്‍ വേണമെന്ന ആവശ്യവുമായി രാജ്യത്ത് പെണ്‍ഭ്രൂണഹത്യ വര്‍ദ്ധിക്കുമ്പോള്‍ പെണ്‍കുട്ടികളുടെ ജനനം ആഘോഷമാക്കുന്ന ഒരു സമൂഹമുണ്ട് മധ്യപ്രദേശില്‍. എന്നാല്‍ ഈ ആഘോഷങ്ങള്‍ക്ക് പിന്നിലെ കാരണമാണ് അതിവിചിത്രം. ബന്‍ചാദ സമൂഹമാണ് തങ്ങളുടെ കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ ജനനം അതീവ ആഘോഷമാക്കുന്നത്. 

പക്ഷേ ഈ ആഘോഷങ്ങള്‍ പെണ്‍കുട്ടികളുടെ ജീവിതത്തില്‍ കരിനിഴല്‍ മാത്രമാണ് പടര്‍ത്തുന്നത്. കാരണമെന്തന്നല്ലേ, ലൈംഗികത്തൊഴിലാളികളാണ് ഈ സമൂഹത്തിലെ മിക്ക ആളുകളും. ഉപജീവനത്തിനായി ലൈംഗികവൃത്തി ചെയ്യുന്ന ബന്‍ചാദ സമൂഹത്തില്‍ പെണ്‍കുട്ടികളുടെ ജനനം ആഘോഷമാകുന്നതും ഇതുകൊണ്ട് തന്നെയാണ്. 

മധ്യപ്രദേശിലെ റാറ്റ്ലം, മാണ്ടാസുര്‍, നീമുച്ച് ജില്ലകളിലാണ് ഇവര്‍ താമസിക്കുന്നത്. തലമുറകളായി ലൈംഗിക വൃത്തി ഉപജീവനത്തിനുള്ള പ്രധാന മാര്‍ഗമാണ് ഇവര്‍ക്ക്. കറുപ്പിന്റെ കൃഷിയ്ക്കും ഈ മേഖല കുപ്രസിദ്ധി ആര്‍ജിച്ചതാണ്. 

ലൈംഗികവൃത്തിയിലേര്‍പ്പെടുന്ന സ്ത്രീകളുടെ വരുമാനം ധൂര്‍ത്തടിച്ചാണ് ബന്‍ചാദ് വിഭാഗത്തിലെ പുരുഷന്മാരുടെ ജീവിതം. ലൈംഗികവൃത്തി കുറ്റകരമാണെങ്കിലും ഇവിടെ സമുദായത്തിന്റെ പൂര്‍ണ പിന്തുണയാണ് ലൈഗികവൃത്തിയ്ക്ക് ലഭിക്കുന്നത്.ലൈംഗികവൃത്തിയ്ക്കായുള്ള മനുഷ്യക്കടത്തും ഇവര്‍ക്കിടയില്‍ സജീവമാണ്. 

ചെറു പ്രായത്തില്‍ തന്നെ ഈ സമുദായത്തിലെ പെണ്‍കുട്ടികളെ വന്‍തുകയ്ക്ക് വില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഈ മേഖലയില്‍ സ്ത്രീ പുരുഷാനുപാതം ഉയര്‍ന്നാണ് നില്‍ക്കുന്നത്. എന്നാല്‍ ഒട്ടും പ്രോല്‍സാഹിക്കപ്പെടേണ്ട കാര്യത്തിനായല്ല ഈ മാറ്റമെന്ന് മാത്രം.