Asianet News MalayalamAsianet News Malayalam

സെന്‍റിനല്‍ ദ്വീപില്‍ അലന്‍ ചൗവിന് സംഭവിച്ചത്; കൂടുതല്‍ വെളിപ്പെടുത്തല്‍

ദ്വീപ് നിവാസികളുമായി അടുക്കുന്നതിനായി ഗോത്രവിഭാഗക്കാര്‍ ധരിക്കുന്നതുപോലെ കറുത്ത അടിവസ്ത്രം മാത്രം ധരിച്ചാണ് ചൗ ദ്വീപിലേക്കു പോയത്. 

Violations Have Happened In Restricted Areas Of Andaman & Nicobar Islands
Author
Kerala, First Published Nov 30, 2018, 6:03 PM IST

അന്‍ഡമാന്‍ :  ആന്‍ഡമാന്‍ നിക്കോബാറിലെ ഉത്തര സെന്‍റിനല്‍ ദ്വീപില്‍ തദ്ദേശീയരുടെ അമ്പേറ്റ് മരിച്ച ജോണ്‍ അലന്‍ ചൗ  കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നവംബര്‍ 16ന് ആദ്യ പ്രാവശ്യം ദ്വീപിലേക്കു കടക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ അക്രമത്തില്‍ ഇയാളുടെ തോണി തകര്‍ന്നിരുന്നു. തുടര്‍ന്ന് 300 മുതല്‍ 400 മീറ്റര്‍ വരെ നീന്തിയാണ് ഇയാള്‍ തന്നെ കരയില്‍ എത്തുവാന്‍ സഹായിച്ച മല്‍സ്യത്തൊഴിലാളികളുടെ ബോട്ടിലെത്തിയത്.

പിന്നീട് നവംബര്‍ 17 നാണ് വീണ്ടും ഇയാള്‍ ദ്വീപിലേക്ക് പോകുന്നത്.  ദ്വീപുവാസികളായ സെന്‍റിനല്‍ ഗോത്രവിഭാഗത്തിനൊപ്പം ദീര്‍ഘകാലം ദ്വീപില്‍ താമസിക്കാനായിരുന്നു ചൗ ലക്ഷമിട്ടത് എന്നാണ് വിവരം. ദ്വീപ് നിവാസികളുമായി അടുക്കുന്നതിനായി ഗോത്രവിഭാഗക്കാര്‍ ധരിക്കുന്നതുപോലെ കറുത്ത അടിവസ്ത്രം മാത്രം ധരിച്ചാണ് ചൗ ദ്വീപിലേക്കു പോയത്. 

അതിര്‍ത്തി ലംഘിച്ചു ദ്വീപിലേക്കു കടക്കാന്‍ ചൗനെ സഹായിച്ച മൂന്നു മല്‍സ്യത്തൊഴിലാളികളാണ് ഇതു സംബന്ധിച്ച് വിവരം നല്‍കിയത്. സെന്‍റിനല്‍ ഗോത്രവിഭാഗത്തിന്‍റെത് സമാനമായ രൂപത്തിലെത്തി അവരുടെ വിശ്വാസം നേടിയെടുക്കുന്നതിന്‍റെ ഭാഗമായാണ് കറുത്ത അടിവസ്ത്രം ധരിച്ച് ചൗ ദ്വീപിലെത്തിയത്. കുറേ മാസങ്ങള്‍ ദ്വീപില്‍ താമസിക്കുന്നതിനും യുഎസ് പൗരനു താല്‍പര്യം ഉണ്ടായിരുന്നതായും മല്‍സ്യത്തൊഴിലാളികള്‍ മൊഴി നല്‍കി.

രണ്ടാം തവണ ദ്വീപിലേക്ക് കടന്നപ്പോഴാണ് ദ്വീപുവാസികളുടെ അമ്പേറ്റ് അലന്‍ ചൗ കൊല്ലപ്പെടുന്നത്. ചൗ ഒരു ബാഗ് ദ്വീപില്‍ എവിടെയോ ഒളിപ്പിച്ചു വച്ചിട്ടുള്ളതായും മല്‍സ്യത്തൊഴിലാളികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പാസ്‌പോര്‍ട്, തുണികള്‍, ഫസ്റ്റ് എയ്ഡ് ബോക്‌സ്, മരുന്നുകള്‍ എന്നിവയെല്ലാമായിരുന്നു ബാഗില്‍. 

എന്നാല്‍ ഈ ബാഗിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ചിലപ്പോള്‍ ഈ ബാഗ് ദ്വീപുവാസികള്‍ കണ്ടെത്തി നശിപ്പിച്ചിട്ടുണ്ടാകും. അല്ലെങ്കില്‍ ഇത് വെച്ചിടത്തുതന്നെയുണ്ടാകും. ദ്വീപില്‍ വെച്ച് വീണ്ടും ആക്രമിക്കപ്പെട്ടാല്‍ ഉപയോഗിക്കുന്നതിനായാണ് മരുന്നുകളും മറ്റും സൂക്ഷിച്ചിരുന്നത്. ചൗന്റെ മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

Follow Us:
Download App:
  • android
  • ios