കെവിന്‍റെ മൃതദേഹം ഏറ്റുവാങ്ങാന്‍ മോര്‍ച്ചറിക്ക് മുന്നില്‍ കൂട്ടയടി
കോട്ടയം: കോട്ടയം മെഡിക്കല് കോളേജ് മോര്ച്ചറിക്ക് മുന്നില് കല്ലേറും ലാത്തിചാര്ജും. കെവിന്റെ മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി രാവിലെ എത്തിച്ചപ്പോള് മുതല് വിവിധ പാര്ട്ടികളുടെ പ്രവര്ത്തകര് മോര്ച്ചറിക്ക് മുന്നില് തടിച്ചു കൂടിയിരുന്നു. പോസ്റ്റ്മോര്ട്ടം കഴിഞ്ഞ് കെവിന്റെ മൃതദേഹം പുറത്തു കൊണ്ടുവന്നപ്പോള് പ്രവര്ത്തകര് തമ്മില് ഉന്തുംതള്ളും തുടങ്ങുകയും സംഘര്ഷത്തിലേക്ക് വഴിമാറുകയുമായിരുന്നു.
സിപിഎം പ്രവര്ത്തകര് ഒരുവശത്തും ബിജെപി,കോണ്ഗ്രസ്, മറ്റു ദളിത് സംഘടനാ പ്രവര്ത്തകര് മറുവശത്തും നിന്നാണ് കല്ലേറ് നടത്തിയത്. തുടര്ന്ന് പോലീസ് ലാത്തിചാര്ജി നടത്തിയാണ് പ്രവര്ത്തകരെയെല്ലാം ഓടിച്ചത്. ലാത്തിചാര്ജിനെ തുടര്ന്ന് ചിതറിയോടിയവര് ഇപ്പോള് മോര്ച്ചറിയുടെ പലഭാഗങ്ങളിലായി സംഘടിച്ചു നില്ക്കുകയാണ്. രാവിലെ സ്ഥലത്ത് എത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുമായി സിപിഎം പ്രവർത്തകരും വാക്കേറ്റത്തിലേര്പ്പെട്ടിരുന്നു.
അതിനിടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി കെവിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. കോട്ടയം മെഡിക്കൽ കോളേജിൽ ആർഡിഒയുടെ സാന്നിധ്യത്തിലാണ് പോസ്റ്റുമോർട്ടം നടന്നത്. മുഴുവൻ നടപടികളും വീഡിയോയിലും പകർത്തിയിരുന്നു.
