Asianet News MalayalamAsianet News Malayalam

ഓര്‍മ്മകളില്‍ ഇനി ബാലഭാസ്കര്‍

രാവിലെ തിരുമലയിലുള്ള ബാലഭാസ്കറിന്‍റെ സ്വന്തം വീട്ടിലേയ്ക്ക് പ്രമുഖരും അല്ലാത്തവരുമായ നൂറുകണക്കിന് പേർ അന്തിമോപചാരമർപ്പിയ്ക്കാൻ ഒഴുകിയെത്തി

Violinist Balabhaskar cremated with state honours
Author
Thiruvananthapuram, First Published Oct 3, 2018, 12:01 PM IST

തിരുവനന്തപുരം: ഒരു വയലിൻ നെഞ്ചോട് ചേർത്ത്, പൂക്കളിൽ പൊതിഞ്ഞ് ബാലഭാസ്കർ കിടന്നു. അവസാനനിമിഷം വരെയും സംഗീതലോകത്തിന്‍റെ പ്രിയപ്പെട്ട ബാലുവിനെ കാണാനെത്തിയത് ആയിരക്കണക്കിന് പേരാണ്. ഓർമകളിൽ ആ വയലിൻ നാദം ബാക്കിയാക്കി, ശാന്തി കവാടത്തിലെ ചിത ബാലഭാസ്കറിന്‍റെ മൃതദേഹം ഏറ്റുവാങ്ങി.

രാവിലെ തിരുമലയിലുള്ള ബാലഭാസ്കറിന്‍റെ സ്വന്തം വീട്ടിലേയ്ക്ക് പ്രമുഖരും അല്ലാത്തവരുമായ നൂറുകണക്കിന് പേർ അന്തിമോപചാരമർപ്പിയ്ക്കാൻ ഒഴുകിയെത്തി. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രനും കെ.കെ.ശൈലജയും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുൾപ്പടെയുള്ള എംഎൽഎമാരും വീട്ടിലെത്തി അന്ത്യാഞ്ജലികളർപ്പിച്ചു. തുടർന്ന് വീട്ടിലെ ചടങ്ങുകൾക്ക് ശേഷം മൃതദേഹം തൈക്കാട് ശാന്തി കവാടത്തിലേയ്ക്ക്. സുഹൃത്തുക്കളായ വിധുപ്രതാപും സ്റ്റീഫൻ ദേവസ്സിയും രഞ്ജിനിയും സയനോരയും രാജലക്ഷ്മിയും ഒപ്പമുണ്ടായിരുന്നു.

ശാന്തികവാടത്തിലും ബാലഭാസ്കറിനെ ഒരു നോക്ക് കാണാൻ ജനം തിക്കിത്തിരക്കി. നൂറ് കണക്കിന് പേർ കണ്ണീരോടെ ബാലുവിന് അന്തിമോപചാരമർപ്പിച്ച് മടങ്ങി. സംസ്ഥാനസർക്കാരിന്‍റെ പൂർണ ഔദ്യോഗികബഹുമതികൾ. ബാലഭാസ്കറിന്‍റെ ഗുരുസ്ഥാനീയനായ ശിവമണി അപ്പോഴേയ്ക്ക് എത്തി. എല്ലാവരുടെയും സ്നേഹമേറ്റ് വാങ്ങിയതിന് ശേഷം അന്തിമസംസ്കാരച്ചടങ്ങുകൾ. അച്ഛന്‍റെ സഹോദരന്‍റെ മകനാണ് അവസാനചടങ്ങുകൾ നടത്തിയത്. ഒടുവിൽ 11 മണിയോടെ ബാലുവിന്‍റെ മൃതദേഹം ചിതയിലേയ്ക്ക്. ഓർമയിലൊരു വയലിൻയുഗം ചേർത്ത് വച്ച് ബാലു മടങ്ങുന്നു..

ഉച്ചയോടെ ബാലുവിനെ അനുസ്മരിയ്ക്കാൻ യൂണിവേഴ്സിറ്റി കോളേജിൽ സുഹൃത്തുക്കൾ ഒത്തുകൂടുന്നുണ്ട്. ഗായകൻ ഹരിഹരനടക്കം ബാലഭാസ്കറിനെ ഓർക്കാൻ അവിടേയ്ക്കെത്തും.

Follow Us:
Download App:
  • android
  • ios