ദില്ലി: രാജ്യത്തിന് വിഐപികളെയല്ല വേണ്ടത് ഇഐപികളെയാണ് എന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോഡി. 'എവരി പേഴ്‌സണ്‍ ഈസ് ഇമ്പോര്‍ട്ടന്‍റാ'(ഇഐപി)ണെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസ റേഡിയോ പ്രഭാഷണമായ മാന്‍ കി ബാത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. നവഭാരതത്തിന് ഇത് മറ്റൊരു നാഴികക്കല്ലാകുമെന്നും അദ്ദേഹം പറഞ്ഞു.

വിഐപി ചിന്താഗതി രാജ്യത്തിന് ദോഷമാണ്. ഇത് മാറുന്നതിനാണ് വാഹനങ്ങളുടെ മുകളിലുള്ള ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ എടുത്തു മാറ്റാന്‍ നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ തന്നെ ജനങ്ങളുടെ മനസില്‍ നിന്നും വിഐപി ഭാവം മാറണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ 125 കോടി ജനങ്ങളും വലിയവരാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ മറ്റു പദ്ധതികളായ സ്വച്ഛഭാരതം പദ്ധതി പോലെ ഇഐപിയും ജനങ്ങള്‍ ഏറ്റെടുക്കുമെന്നാണ് കരുതുന്നത്. വ്യക്തികള്‍ പരിമിതകളില്‍ നിന്നും പുറത്തുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 

കാലാവസ്ഥയിലെ മാറ്റം സെമിനാറുകളിലും ചര്‍ച്ചകള്‍ക്കുപുറത്തേക്കും വരേണ്ടതുണ്ട്. അത് തിരിച്ചറിഞ്ഞ് പെരുമാറണം. വേനല്‍കാലത്ത് പക്ഷിമൃഗാദികള്‍ക്ക് ജലം ഉറപ്പിക്കുവാന്‍ യുവാക്കള്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ശ്രീ രാമാനുചാര്യയുടെ സഹസ്രാബ്ദി ജന്മവാര്‍ഷികാഘോഷമാണെന്നും യുവാക്കള്‍ അദ്ദേഹത്തെ പ്രചോദനമായെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.