ദില്ലി: കാലിത്തീറ്റ കുംഭകോണ കേസില്‍ കോടതി കുറ്റക്കാരനായി കണ്ടെത്തിയ മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ജയിലില്‍ വിഐവി പരിഗണന. റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലിലാണ് ലാലുവിനെ പ്രത്യേക പരിഗണന ലഭിക്കുന്നത്. സെല്ലില്‍ ലാലുവിന് ദിവസവും ദിനപത്രവും ടെലിവിഷനും ലഭ്യമാകും. കൂടാതെ കിടക്കയും കൊതുകുവലയും സെല്ലിലുണ്ട്. വീട്ടില്‍ നിന്ന് ഭക്ഷണം എത്തിക്കാനുളള അനുവാദവും സ്വന്തമായി പാചകം ചെയ്യാനുളള സൗകര്യവും അദ്ദേഹത്തിന് ഒരുക്കിയിട്ടുണ്ട്. 

2014ല്‍ ഹൃദയശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ജയില്‍ അധികൃതര്‍ അദ്ദേഹത്തിന് സൗകര്യങ്ങള്‍ ഒരുക്കുന്നത്. ജയിലില്‍ തന്നെ അദ്ദേഹത്തിന് വിഐപി ചികിത്സ ലഭ്യമാക്കും. മറ്റ് തടവുകാര്‍ക്ക് ലാലുവിനെ കാണാനുളള അനുമതിയില്ലെന്ന് ജിയില്‍ അധികൃതര്‍ പറയുന്നു. ലാലുവിന് മാത്രമാണ് ജയിലില്‍ ഇത്തരത്തിലുള്ള പരിഗണന നല്‍കിയിരിക്കുന്നത് എന്നാണ് ജയില്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി വിധി പറഞ്ഞശേഷം ജയിലിലേക്ക് പോയ ലാലുവിനെ അനുഗമിച്ച് കൊണ്ട് ആര്‍.ജെ.ഡി നേതാക്കളടക്കം മറ്റൊരു വാഹനത്തില്‍ ജയില്‍ കവാടം വരെ പോയിരുന്നു.

ലാലുപ്രസാദ് യാദവിനെ കുറ്റക്കാരനാക്കി സി.ബി.ഐ ആറ് കേസുകളില്‍ ചുമത്തിയിരിക്കുന്ന രണ്ടാമത്തെ കേസിലാണ് കഴിഞ്ഞ ദിവസം പ്രത്യേക കോടതി വിധി പറഞ്ഞത്. ലാലുപ്രസാദ് അടക്കമുള്ള 15 പേരെയാണ് കഴിഞ്ഞ ദിവസം കോടതി കുറ്റക്കാരനായി കണ്ടെത്തിയിരിക്കുന്നത്. കേസില്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയടക്കമുള്ള ഏഴുപേരെ കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെവിട്ടു. ശിക്ഷ ജനുവരി മൂന്നിന് പ്രഖ്യാപിക്കും. കാലിത്തീറ്റ വിതരണം ചെയ്യാനെന്ന പേരില്‍ 84.5 ലക്ഷം രൂപ വ്യാജ രേഖകള്‍ ഹാജരാക്കി ട്രഷറിയില്‍ നിന്ന് പിന്‍വലിച്ച കേസിലാണ് റാഞ്ചി പ്രത്യേക കോടതി ജഡ്ജി ശിവ്പാല്‍ സിംഗ് വിധി പറഞ്ഞത്. 2013ല്‍ 37.5 കോടി രൂപയുടെ അഴിമതി നടന്ന ആദ്യ കേസില്‍ ലാലുവിന് അഞ്ച് വര്‍ഷത്തെ കഠിന തടവിനും പിഴയടക്കാനും ശിക്ഷിച്ചിരുന്നു. രണ്ടുമാസത്തോളം ജയിലിലായ ലാലുവിന് സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചു. കോടതി വിധിയെ തുടര്‍ന്ന് ലാലുവിന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാവുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കും നേരിടേണ്ടിവന്നിരുന്നു.