ഹരിയാനയിൽ നിന്നുള്ള അൻമോൽ എന്ന പോത്താണ് പ്രശസ്തമായ പുഷ്കർ മേളയിലെ പ്രധാന ആകർഷണം. 1,500 കിലോഗ്രാം ഭാരവും 23 കോടി രൂപ വിലയുമുള്ള ഈ മുറ ഇനം പോത്ത്, ഉയർന്ന ഗുണമേന്മയുള്ള ബീജം വിറ്റ് ഉടമയ്ക്ക് പ്രതിമാസം ലക്ഷങ്ങൾ വരുമാനം നേടിക്കൊടുക്കുന്നു.
ഹരിയാന: പ്രശസ്തമായ പുഷ്‌കർ മേളയിൽ ഇത്തവണത്തെ ഏറ്റവും വലിയ ആകർഷണം മറ്റാരുമല്ല, ഹരിയാനയിൽ നിന്നുള്ള അൻമോൽ എന്ന വിലപിടിപ്പുള്ള പോത്താണ്. 1,500 കിലോഗ്രാം ഭാരമുള്ള അൻമോലിൻ്റെ വില 23 കോടി രൂപയാണ്! ഭീമാകാരമായ ശരീരവും തിളങ്ങുന്ന കറുത്ത ചർമ്മവുമുള്ള ഈ പോത്തിൻ്റെ വീഡിയോകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഒക്ടോബർ 30-ന് ആരംഭിച്ച മേള നവംബർ 5 വരെ തുടരും. എല്ലാ വർഷവും നിരവധി മൃഗങ്ങൾ ഈ കന്നുകാലി ചന്തയിൽ എത്തുമെങ്കിലും അൻമോലിന് ലഭിക്കുന്ന ശ്രദ്ധ അവിശ്വസനീയമാണ്. 23 കോടി രൂപ വിലമതിക്കുന്ന അൻമോൽ ഒരു സാധാരണ പോത്തല്ല. ഈ തുകയ്ക്ക് രണ്ട് റോൾസ് റോയ്സ് കാറുകളോ, പത്ത് മെഴ്‌സിഡസ് ബെൻസ് വാഹനങ്ങളോ, അല്ലെങ്കിൽ ഇന്ത്യയിലെ പല നഗരങ്ങളിലും മികച്ചൊരു വസ്തുവോ വാങ്ങാൻ സാധിക്കും. അതിനാൽ തന്നെ, ഇത്രയും വിലമതിപ്പുള്ള ഈ ഭീമാകാരൻ മേളയിലേക്ക് നടന്നുവന്നപ്പോൾ എല്ലാവരുടെയും കണ്ണുകൾ അവനിലേക്ക് തിരിഞ്ഞു.
അൻമോലിൻ്റെ ദൈനംദിന ജീവിതം
സിർസ ജില്ലയിൽ നിന്നുള്ള അൻമോലിന് എട്ട് വയസ്സാണ് പ്രായം. സൗന്ദര്യം മാത്രമല്ല, കന്നുകാലികളുടെ പ്രജനനത്തിനായി ഉപയോഗിക്കുന്ന അൻമോലിൻ്റെ ഉയർന്ന ഗുണമേന്മയുള്ള ബീജത്തിൻ്റെ ആവശ്യകതയാണ് അവനെ വിലപിടിപ്പുള്ളതാക്കുന്നത്. ഉടമയായ ഗില്ലിന് ഇതിലൂടെ പ്രതിമാസം ഏകദേശം 5 ലക്ഷം രൂപ വരുമാനം ലഭിക്കുന്നുണ്ട്. ആഴ്ചയിൽ രണ്ടുതവണ ശേഖരിക്കുന്ന ഓരോ ബീജത്തിന് 250 രൂപ നിരക്കിലാണ് വിൽക്കുന്നത്. മുറ ഇനത്തിലുള്ള പോത്തിന്റെ സാധാരണ ആയുസ്സ് 25 വർഷം വരെയാണ്.
അൻമോലിൻ്റെ തിളക്കമുള്ള കറുത്ത രോമവും പേശീബലമുള്ള ശരീരഘടനയും നടത്തത്തിലെ അഴകും മേളയിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ആളുകൾ ഈ മനോഹരമായ മൃഗത്തെ കണ്ട് കമൻ്റുകൾ ചെയ്യാതെയിരുന്നില്ല. ഇവനെ വളർത്താൻ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായി മനസ്സിലാക്കുന്നു എന്ന് പറഞ്ഞവരും വാഹ്, ഇവൻ്റെ ചർമ്മം നമ്മുടെ നടിമാരുടെ ചർമ്മത്തേക്കാൾ തിളക്കമുള്ളതാണെന്ന് രസകരമായി പറഞ്ഞവരും കൂട്ടത്തിലുണ്ട്. ഈ പണമുണ്ടെങ്കിൽ 17 ഡിഫൻഡർ കാറുകൾ വിഐപി നമ്പറോടെ വാങ്ങാം എന്ന കണക്കുകൂട്ടലും പങ്കുവച്ചവര്‍ കൂട്ടത്തിലുണ്ട്.


