ഗുവഹത്തി: സോനു എന്ന് വിളിക്കപ്പെടുന്ന സല്‍മാന്‍ ഖാനെ കാണാനില്ല. തിങ്കളാഴ്ച മുതലാണ് കാണാതായത്. ബോളിവുഡ് താരത്തെക്കുറിച്ചല്ല പറയുന്നത്.  നാല് കാലുള്ള ഒരു കുടുംബം സ്വന്തം അംഗത്തെപ്പോലെ കാണുന്ന മൃഗത്തെക്കുറിച്ചാണ്. ആസാമിലെ ടിന്‍സുകിയ ജില്ലയിലെ ഡൂംഡുമയില്‍ നിന്നുള്ള നസീം മന്‍സൂരി എന്നയാള്‍ക്ക് സ്വന്തം സഹോദരനെപ്പോലെയാണ് സല്‍മാന്‍ ഖാന്‍ എന്ന ആട്. 

ദേശീയ പാത 52 ല്‍ കക്കോപാത്തറില്‍ വച്ച് തിങ്കളാഴ്ച വൈകുന്നേരമാണ് ആടിനെ കണാതായത് എന്നാണ് ഇത് സംബന്ധിച്ച് നസീം മന്‍സൂരി ഇട്ട പോസ്റ്റ് പറയുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി എന്‍റെ കുടുംബ അംഗമായ എന്‍റെ സഹോദരനായ എന്നിങ്ങനെ വിശേഷിപ്പിച്ചാണ് നസീം മന്‍സൂരിയുടെ പോസ്റ്റ്. 2017 മുതല്‍ ഈ കുടുംബത്തോടൊപ്പം ഈ ആട് ഉണ്ട്. ഈ ആടിനായി പ്രത്യേക മുറിവരെ ഈ കുടുംബം ഏര്‍പ്പെടുത്തിയിരുന്നു.

ആടിനെ കാണാതായതില്‍ കുടുംബ അംഗങ്ങള്‍ വളരെ ആകുലരാണെന്നും, ആടിനെ കണ്ടെത്തുന്നവര്‍ക്ക് 10,000 രൂപ പ്രതിഫലം നല്‍കുമെന്നും നസീം മന്‍സൂരി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കുടുംബ അംഗങ്ങള്‍ ആടിനെ നഷ്ടപ്പെട്ടതുമുതല്‍ ഭക്ഷണവും വെള്ളവും നിര്‍ത്തിയെന്നാണ് ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു. 

അതേ സമയം വരുന്ന ബക്രീദിന് ഈ ആടിനെ ആരെങ്കിലും കൈവശപ്പെടുത്തി പ്രദേശിക അറവുകാര്‍ക്ക് വില്‍ക്കുമോ എന്ന ആശങ്കയിലാണ് നസീം മന്‍സൂരിയും കുടുംബവും. അതിനാല്‍ തന്നെ ഇത്തരം അറവുകാരെ ഇവര്‍ സമീപിച്ചിട്ടുണ്ട്. അതേ സമയം പൊലീസ് പരാതിയും ഇവര്‍ നല്‍കിയിട്ടുണ്ട്.