ദില്ലി: ഇന്ത്യൻ വിഭവങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന ഘടകമാണ് അരി. ചോറിനൊപ്പം പലതരം കറികളും ഇന്ത്യക്കാർ കഴിക്കും. അരികൊണ്ട് ഇഡ്ഢലി ദോശ ഉൾപ്പെടെ പലതരം പലഹാരങ്ങളും ഇന്ത്യക്കാർ ഉണ്ടാക്കാറുണ്ട്. അതുപോലെ ചർമ്മത്തിന്റെയും മുടിയുടെയും സൗന്ദര്യവർദ്ധക വസ്തുവായി ഉപയോ​ഗിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. ഇത്തരത്തിൽ അരികൊണ്ട് പല വിധ ഉപയോ​ഗങ്ങളാണ് ഇന്ത്യക്കാർക്കുള്ളത്. 

എന്നാൽ അരി കൊണ്ട് നന്ദിയും സ്നേഹവും പ്രകടിപ്പിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു കർഷകൻ. കൊറോണയിൽ നിന്ന് സൗഖ്യം നേടിയ ഇദ്ദേഹം തന്നെ ചികിത്സിച്ച ഡോക്ടർമാർക്ക് സമ്മാനമായി നൽകിയത് സ്വന്തം പാടത്ത് വിതച്ച് കൊയ്ത അരിയാണ്. സമ്മാനമായി അരി ലഭിച്ച ഡോക്ടർ തന്നെയാണ് ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഡോക്ടർ ഉർവി ശുക്ലയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. 

15 ദിവസം കൊവിഡ് 19 ചികിത്സയിൽ കഴിഞ്ഞിരുന്ന മുതിർന്ന പൗരൻ സുഖം പ്രാപിച്ചു. 12 ദിവസം അദ്ദേഹം വെന്റിലേറ്ററിലാണ് കഴിഞ്ഞിരുന്നത്. സ്വന്തം പാടത്ത് വിതച്ച് കൊയ്ത അരിയാണ് അദ്ദേഹം ഡോക്ടർമാരുടെ സംഘത്തിന് സമ്മാനമായി നൽകിയത്. ഡോക്ടർ ഉർവി ട്വീറ്റിൽ കുറിച്ചു. ഡോക്ടറുടെ കുറിപ്പും അരിയുടെ ചിത്രവും ട്വിറ്ററിൽ വൈറലായിരിക്കുകയാണ്. നൂറുകണക്കിന് ആളുകളാണ് ട്വീറ്റിന്  പ്രതികരണമറിയിച്ചിരിക്കുന്നത്.