ഇന്ന് വിഷു എല്ലാ മലയാളികള്‍ക്കും ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
തിരുവനന്തപുരം: ഇന്ന് വിഷു. മീനച്ചൂടിന് ആശ്വാസമായി ഹൃദയങ്ങളിൽ കൊന്നമരങ്ങള് പൂത്തുലഞ്ഞു നില്ക്കുന്നു. കാർഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകൾക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷകൂടിയാണ് ഒരോ വിഷുവും. എല്ലാ മലയാളികള്ക്കും ഏഷ്യാനെറ്റ് ന്യൂസിന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്.
വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷയായി വിഷുക്കണി. നിറഞ്ഞുകത്തുന്ന നിലവിളക്കിന് മുന്നിൽ സ്വർണ്ണനിറമുള്ള കൊന്നപ്പൂക്കൾ. ഓട്ടുരുളിയിൽ കാർഷിക സമൃദ്ധിയുടെ ഓർമ്മപ്പെടുത്തലായി കണിവെള്ളരിയും ഫലങ്ങളും.
കണി കണ്ടു കഴിഞ്ഞാൽ പിന്നെ കൈനീട്ടമാണ് . കുടുബത്തിലെ മുതിർന്നവർ കയ്യിൽ വച്ച് തരുന്ന അനുഗ്രഹം കൂടിയാണത്. അത് കഴിഞ്ഞാൽ സദ്യവട്ടം. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷൾ വേറെയും.
വിഷുക്കണി ദർശനത്തിന് ഗുരുവായൂർ ക്ഷേത്രത്തില് ആയിരങ്ങളാണ് എത്തിയത്. പുലർച്ചെ 2.30 മുതലാണ് ദർശനം തുടങ്ങിയത്. പതിവിൽ കവിഞ്ഞ ഭക്തജനത്തിരക്കാണ്.
ശബരിമലയിലും വിഷുകണി ദർശനത്തിന് വൻ ഭക്തജനതിരക്ക്. പുലർച്ചെ നാല് മണിമുതല് ദർശനം തുടങ്ങി. തന്ത്രിയും മേല്ശാന്തിയും ചേർന്ന് ഭക്തർക്ക് വിഷുകൈനീട്ടം നല്കി.
