ജിദ്ദ: സൗദിയിൽ സന്ദര്‍ശന വിസക്കാര്‍ക്കും ആരോഗ്യ പരിരക്ഷ നിര്‍ബന്ധമാക്കി. കഴിഞ്ഞ നവംബര്‍ 13 മുതല്‍ നല്‍കിയ എല്ലാ സന്ദര്‍ശക വിസകള്‍ക്കും പുതിയ നിയമം ബാധകമായിരിക്കും. സൗദിയില്‍ സന്ദര്‍ശന വിസയിൽ എത്തിയവർക്കു വിസ കാലാവധി നീട്ടി ലഭിക്കുന്നതിന് ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കി. ഇതിനുള്ള നടപടിക്രമം പൂര്‍ത്തിയാക്കിയതായി ആരോഗ്യ ഇന്‍ഷൂറന്‍സ് കൗണ്‍സില്‍ മേധാവി മുഹമ്മദ് സുലൈമാന്‍ അല്‍ഹുസൈന്‍ പറഞ്ഞു.

ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കാത്തവർക്കു സന്ദര്‍ശന വിസ പുതുക്കി നല്‍കില്ലന്ന് മുഹമ്മദ് സുലൈമാന്‍ അല്‍ഹുസൈന്‍ വ്യക്തമാക്കി. ഇതിനായി ആരോഗ്യ ഇന്‍ഷൂറന്‍സ് കൗണ്‍സിലിനേയും സൗദി ജവാസാത്തിനെയും തമ്മില്‍ ബന്ധപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ നവംബര്‍ 13 മുതൽ നല്‍കിയ എല്ലാ സന്ദര്‍ശന വിസകള്‍ക്കു പുതിയ നിയമം ബാധകമാണ്.

അതിനാൽ നവംബര്‍ 13 മുതല്‍ നൽകിയ വിസ പുതുക്കുന്നതിനു മുമ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഉറപ്പ് വരുത്തണം. നേരത്തെ ഇന്‍ഷൂറന്‍സ് എടുത്തവരാണെങ്കില്‍ പോളിസി കാലാവധി അവാസാനിച്ചില്ലന്ന് ഉറപ്പ് വരുത്തണമെന്നും അധികൃതർ അറിയിച്ചു. ആരോഗ്യ ഇന്‍ഷൂറന്‍സില്‍ നിന്നും ഹജ്ജ്, ഉംറ തീര്‍ത്ഥാടകരേയും നയതന്ത്ര ഉദ്യോഗസ്ഥരേയും രാജ്യത്ത് ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തുന്നവരെയും ഒഴിവാക്കിയിട്ടുണ്ട്.