മലബാ‍‍ര്‍ സിമന്‍റ്സ് എം.ഡി പത്മകുമാറിനെതിരെയുള്ള വിജിലന്‍സ് കേസുകള്‍ക്ക് പിന്നില്‍ താനുള്‍പ്പെടെയുള്ളവരുടെ ഗൂഢലോചനയാണെന്ന ആരോപണത്തെ തള്ളി വ്യവസായി വി.എം രാധാകൃഷ്ണന്‍ രംഗത്ത്. കേസിന് പിന്നില്‍ ഗൂഡാലോചനയാണങ്കില്‍ തനിക്ക് എതിരെയുള്ള കേസുകളില്‍ പത്മകുമാറിനും പങ്കുണ്ടോയെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറാകണമെന്ന് വി.എം രാധാകൃഷ്ണന്‍ പറഞ്ഞു.

മലബാര്‍ സിമന്റ്സുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസുകള്‍ക്ക് പിന്നില്‍ ഗൂഡാലോചനയാണെന്ന കെ. പത്മകുമാറിന്റെ ആരോപണങ്ങള്‍ക്കാണ് വി.എം. രാധാകൃഷ്ണന്‍ മറുപടിയുമായി എത്തിയത്. പരസ്‌പര ബന്ധമില്ലാത്ത കാര്യങ്ങളാണ് പത്മകുമാര്‍ ഉയ‍ര്‍ത്തുന്നതെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. തന്റെ കമ്പനിയെ ഒഴിവാക്കിയതിലൂടെ മലബാര്‍ സിമന്റ്സിന് ലാഭമുണ്ടായെന്ന് പറയുന്ന പത്മകുമാര്‍ ഇതേ കാലയളവില്‍ ഫ്ലൈ ആഷ് നല്‍കാതെ താന്‍ നഷ്‌ടമുണ്ടാക്കിയെന്ന് പരാതിപെടുന്നതില്‍ വൈരുദ്ധ്യമുണ്ട്. ഇത്രയേറെ അന്വേഷണം നേരിടുന്ന വ്യക്തി എം.ഡി സ്ഥാനത്ത് തുടരുന്നതില്‍ ഔചിത്യമില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.