തിരുവനന്തപുരം: കോവളം കൊട്ടാര കൈമാറ്റത്തില്‍ ബദല്‍ സമരത്തിന് മുന്‍ കെപിസിസി അധ്യകഷന്‍ വി.എം. സുധീരന്റെ നേതൃത്വത്തില്‍ നീക്കം. 16 ന് തിരുവനന്തപുരത്ത് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കാനാണ് തീരുമാനം. തിരുവനന്തപുരം ഡിസിസി സംഘടിപ്പിക്കുന്ന സമരത്തില്‍ യുഡിഎഫ് എംഎല്‍എമാരെ അണിനിരത്താനും ശ്രമം നടക്കുന്നുണ്ട്. 

കോവളം കൊട്ടാരം ആര്‍പി ഗ്രൂപ്പിന് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ കാര്യമായ പ്രതികരണമൊന്നും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. പ്രതിപക്ഷ പ്രതികരണം വേണ്ട വിധത്തിലുണ്ടായില്ലെന്ന വിമര്‍ശനം പല കോണില്‍ നിന്ന് ഉയര്‍ന്നു. പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗടക്കം രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് ബദല്‍ സമരത്തിന് കളമൊരുങ്ങുന്നത്. 

കൊട്ടാര കൈമാറ്റത്തിനെതിരെ സമരം വേണമെന്ന് പാര്‍ട്ടിക്കകത്ത് നിന്ന് നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ നേതൃത്വത്തിനെതിരെ കടുത്ത വിമ്രശനം രാഷ്ട്രീയ കാര്യ സമിതിയിലെ അംഗങ്ങളും പങ്കു വച്ചു. കൊട്ടാര കൈമാറ്റത്തിനെതിരെ പ്രതികരിക്കാനും കെപിസിസി ധാരണയിലെത്തി. 

ഇതിന്റ ഭാഗമായാണ് തിരുവനന്തപുരം ഡിസിസിയുടെ ആഭിമുഖ്യത്തില്‍ വിഎം സുധീരന്‍ തന്നെ മുന്‍കയ്യെടുത്ത് സമരപ്രഖ്യാപനത്തിന് കളമൊരുങ്ങുന്നത്. സമരത്തിന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ മാത്രമല്ല മറ്റ് ഘടകക്ഷി എംഎല്‍എമാരുടെ പിന്തുണയും ഉറപ്പാക്കാനാണ് തീരുാനം