അരുണാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി നബാം തൂകി ഇന്ന് നിയമസഭയില്‍ വിശ്വാസ വോട്ട് തേടും. ഉച്ചയ്‌ക്ക് ഒരു മണിയോടെയാകും മുഖ്യമന്ത്രി വിശ്വാസ വോട്ട് തേടുക. ഭൂരിപക്ഷം തെളിയിക്കാന്‍ 10 ദിവസത്തെ സാവകാശം നല്‍കണമെന്ന നബാം തൂക്കിയുടെ ആവശ്യം നേരത്തെ ഗവര്‍ണര്‍ തള്ളിയിരുന്നു. മുന്‍ മുഖ്യമന്ത്രി കലികോ പുലിനൊപ്പം നില്‍ക്കുന്ന 18 വിമത കോണ്‍ഗ്രസ് അംഗങ്ങളുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും നബാം തൂക്കിയെ അനുകൂലിക്കാന്‍ ഇതുവരെ ആരും തയ്യാറായിട്ടില്ല എന്നാണ് സൂചന. അതുകൊണ്ട് തന്നെ ഭൂരിപക്ഷം തെളിയിക്കാനാകാതെ അരുണാചല്‍ സര്‍ക്കാര്‍ താഴെ വീഴാനാണ് സാധ്യത. സുപ്രീം കോടതി വിധിയെത്തുടര്‍ന്നാണ് നബാം തൂകിയുടെ സര്‍ക്കാര്‍ അരുണാചലില്‍ തിരിച്ചെത്തിയത്. സുപ്രീംകോടതി വിധിക്ക് പിന്നാലെ തന്നെ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ കൊല്‍ക്കത്തെ ഹൈക്കോടതി നേരത്തെ വിസമ്മതിച്ചിരുന്നു.