മൂന്നു ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗത്തിനു മുമ്പ് വി.എസ് അച്യുതാനന്ദന്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടറിയേറ്റിലും ഉള്‍പ്പെടുത്തണമെന്ന ആവശ്യം വി.എസ് ആവര്‍ത്തിച്ചു. പാര്‍ട്ടിയിലെ സ്ഥാനമാണ് പ്രധാനമെന്ന് വി.എസ് പറഞ്ഞു. പി.ബി കമ്മീഷന്‍ തീരുമാനം വൈകുന്നതില്‍ വി.എസ് അതൃപ്തി അറിയിച്ചു. എന്നാല്‍ ഭരണപരിഷ്ക്കാരകമ്മീഷന്‍ ഓഫീസ് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ വി.എസ് ഉന്നയിച്ചില്ല. കേന്ദ്ര കമ്മിറ്റിക്കു ശേഷം പി.ബി കമ്മീഷന്‍ യോഗം വിളിക്കാന്‍ നടപടിയെടുക്കുമെന്ന് സീതാറാം യെച്ചൂരി വി.എസിനെ അറിയിച്ചു. 

രാഷ്‌ട്രീയ നയത്തെച്ചൊല്ലി പ്രകാശ് കാരാട്ടിനും സീതാറാം യെച്ചൂരിക്കും ഇടയിലുള്ള ഭിന്നത കേന്ദ്ര കമ്മിറ്റിയിലെ ചര്‍ച്ചയിലും പ്രതിഫലിച്ചു. പാര്‍ട്ടിയില്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്ന് പശ്ചിമബംഗാള്‍ ഘടകം ആരോപിച്ചു. ഫാസിസത്തെക്കുറിച്ച് കാരാട്ട് എഴുതിയ ലേഖനം ഒരിക്കല്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ വീണ്ടും സജീവമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടി പ്ലീന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര കമ്മിറ്റിയിലും പി.ബിയിലും സ്വീകരിക്കേണ്ട നടപടികളും സി.സി ചര്‍ച്ച ചെയ്യും. പാര്‍ട്ടി സെന്ററില്‍ എട്ടു പേര്‍ പ്രവര്‍ത്തിക്കണം. പി.ബി അംഗങ്ങള്‍ എല്ലാ വര്‍ഷവും സ്വയം വിലയിരുത്തല്‍ റിപ്പോര്‍ട്ട് എഴുതി നല്കണമെന്നും സി.സിയില്‍ വെച്ച രേഖ ആവശ്യപ്പെടുന്നു. ഭിന്നതയെ തുടര്‍ന്ന് കഴി‍ഞ്ഞ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയ മഹിളാ നേതാവ് ജഗ്മതിക്കെതിരായ നടപടി റദ്ദാക്കില്ലെന്ന നിലപാടിലാണ് യെച്ചൂരി പക്ഷം.