തിരുവനന്തപുരം: സംഘടനാ സംവിധാനം ശക്തമാക്കാന്‍ അതിവേഗനടപടികള്‍ വേണമെന്നാവശ്യപ്പെട്ട് വിഎസ് അച്ചുതാനന്ദന്‍ സിപിഐഎം പിബി ക്ക് കത്ത് നല്‍കി. വിഎസ് വിഷയത്തിലുള്ള പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കാനിരിക്കെയാണ് വിഎസ് പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കിയത്. പോളിറ്റ് ബ്യൂറോ യോഗം തിരുവനന്തപുരത്ത് തുടരുകയാണ്.   

മകന്‍ അരുണ്‍കുമാറാണ് എകെജി സെന്‍റിറിലെത്തി വിഎസിന്‍റെ കത്ത് സീതാറാം യച്ചൂരിക്ക് കൈമാറിയത്.എംഎം മണിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് നേരത്തേ വിഎസ് കത്ത് നല്‍കിയിരുന്നു. ഇന്ന് നല്‍കിയ കത്തില്‍ ഇതുമായി ബന്ധപ്പെട്ട സൂചനകളുണ്ടോ എന്ന് വ്യക്തമല്ല.നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്ത് ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുമ്പോള്‍ ദേശീയ തലത്തില്‍ പ്രക്ഷോഭം ശക്തമാക്കേണ്ടതുണ്ട്.

എന്നാല്‍ പല സംസ്ഥാനങ്ങളിലും സംഘടനാ സംവിധാനം ദുര്‍ബലമാണ്.ശക്തമായ സംഘടനയുള്ളിടത്ത് പാര്‍ട്ടി പല തരത്തിലുള്ള പ്രശ്നങ്ങളിലുമാണ്. ഈ സാഹതരയത്തില്‍ പുതിയൊരു പ്രക്ഷോഭ സംസ്കാരം വേണമെന്നാണ് വിഎസ് ആവശ്യപ്പെടുന്നത്. വിഎസ് വിഷയത്തിലുള്ള പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് പാര്‍ട്ടി നേതൃത്വം പരിഗണിക്കാനിരിക്കെയാണ് മുതിര്‍ന്ന നേതാവില്‍ നിന്ന് ഉപദേശ രൂപേണയുള്ള കത്ത് പാര്‍ട്ടിക്ക് കിട്ടുന്നതെന്നും ശ്രദ്ധേയം. 

വിഎസ് വിഷയത്തിനൊപ്പം ഇപി ജയരാജന്‍ പികെ ശ്രീമതി എന്നിവര്‍ക്കെതിരെയുള്ള സംഘടനാ നടപടികളും പാര്‍ട്ടിനേതൃത്വം ചര്‍ച്ചചെയ്യും. 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും പാര്‍ട്ടി സംഘടനാ കാര്യങ്ങളിലേക്ക് കടക്കുക. നാളെ മുതല്‍ മൂന്ന് ദിവസങ്ങളിലായാണ് കേന്ദ്രകമ്മിറ്റിയോഗം നടക്കുക.