കെവിന്‍റെ കൊലപാതകത്തില്‍ അതൃപ്തി പരസ്യമാക്കി വിഎസും പൊലീസിന്‍റെ വീഴ്ചയെന്ന് വിഎസ് അച്യുതാനന്ദന്‍ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണം

തിരുവനന്തപുരം: കെവിന്‍റെ കൊലപാതകത്തില്‍ പൊലീസിനെ വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്‍. പൊലീസിന് വീഴ്ച പറ്റിയെന്ന് വി.എസ് അച്യുതാനന്ദൻ കുറ്റപ്പെടുത്തി. ആഭ്യന്തര വകുപ്പ് അടിയന്തിരമായി ശ്രദ്ധിക്കണമെന്നും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും വി.എസ്. ആവശ്യപ്പെട്ടു.

വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക്കും പൊലീസിനെതിരെ വിമര്‍ശിച്ചു. പൊലീസിന്‍റെ ഒത്താശ അപകടകരമാണെന്നും സംഭവം, ആഴത്തിലുള്ള സ്വയം വിമര്‍ശനത്തിന് പ്രേരിപ്പിക്കുന്നതാണെന്നും തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു.

ഡിവൈഎഫ്ഐയും സിപിഎമ്മും കൂടെ നിന്നിട്ടും താനടക്കമുള്ള പാർട്ടി നേതാക്കൾ ഭരണനേതൃത്വത്തിലുണ്ടായിട്ടും, കെവിന് ന്യായമായി കിട്ടേണ്ട സുരക്ഷ ലഭിച്ചില്ല. നീനുവിന്‍റെ കണ്ണീർ രാഷ്ട്രീയ,സാമൂഹ്യ ,ഭരണസംവിധാനത്തെ ചുട്ടുപൊള്ളിക്കും. കൊലയ്ക്ക് പോലീസില്‍ നിന്ന് ഒത്താശ ലഭിച്ചതിനെ ഗൗരവത്തോടെ കാണുന്നു. പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ച മുഖ്യമന്ത്രിയും കെവിന്റെ വീടു സന്ദര്‍ശിച്ച പാര്‍ട്ടി സെക്രട്ടറിയും ആ സന്ദേശമാണ് നല്‍കുന്നത്. എന്നാൽ കെവിന്‍റെ കൊലപാതകത്തിന്‍റെ പേരിൽ മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് മാധ്യമങ്ങള്‍ നടത്തുന്ന ആക്രമണം നീതിയ്ക്കു നിരക്കുന്നതല്ലെന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.