കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഫയല്‍ ചെയ്ത അഫിഡവിറ്റിലെ നിയമലംഘകര്‍ക്കനുകൂലമായ പരാമര്‍ശങ്ങളാണ് ഈ വിധിയിലേക്ക് നയിച്ചത്.  കേന്ദ്ര സര്‍ക്കാര്‍ ആ തെറ്റുകള്‍ തിരുത്താന്‍ തയ്യാറാവുന്നില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഈ കേസില്‍ അടിയന്തരമായി അപ്പീല്‍ പോവുകയാണ് വേണ്ടത്.  വേമ്പനാട്ട് കായല്‍ തീരത്തായതിനാലും, അവിടുത്തെ മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന വിഷയമായതിനാലും, വേലിയേറ്റ നിയന്ത്രണ രേഖയുടെ നിര്‍മ്മമാണ നിരോധിത മേഖലയിലാണ് എന്നതിനാലും സര്‍ക്കാര്‍ അടിയന്തരമായ ഇടപെടലുകള്‍ നടത്തിയേ തീരൂവെന്നും വിഎസ് പറഞ്ഞു.  

പരിസ്ഥിതി നിയമം ലംഘിക്കപ്പെട്ടാല്‍ അക്കാര്യത്തില്‍ ഇളവ് നല്‍കാന്‍ ഹൈക്കോടതികള്‍ക്ക് അധികാരമുണ്ടോ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്.  അതുപോലെ, ഒരു കോടി രൂപ എന്ന പിഴ സംഖ്യ കണക്കാക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുകയോ മറ്റോ ചെയ്തതായി അറിയില്ല.  ഇത്തരം കാര്യങ്ങളില്‍ അവഗാഹമുള്ള ഗ്രീന്‍ ട്രൈബ്യൂണല്‍തന്നെ, ശ്രീ.ശ്രീ. രവിശങ്കറിന്റെ യമുനാ കയ്യേറ്റക്കേസില്‍ നാശനഷ്ടങ്ങളുടെ അളവ് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുകയാണ് ചെയ്തത്.  

ഇവിടെ ഡിഎല്‍എഫിന്റെ ഫ്ളാറ്റ് സമുച്ചയത്തിലെ കക്കൂസിന്റെ വിലപോലും വരാത്തത്ര നിസ്സാരമായ ഒരു സംഖ്യ പിഴ ഈടാക്കി വന്‍ പാരിസ്ഥിതികാഘാതമുണ്ടാക്കുന്ന ഒരു നിയമലംഘനം സാധൂകരിക്കപ്പെടുകയാണ്.  ആദര്‍ശ് ഫ്ളാറ്റിന്റെ കാര്യത്തില്‍ സുപ്രീംകോടതി കാണിക്കാത്ത ഇളവാണ് ഡിഎല്‍എഫിന്റെ കാര്യത്തില്‍ നമ്മുടെ ഹൈക്കോടതി കാണിച്ചത്.  

കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അഥോറിറ്റിയുടെ ചെയര്‍മാനായ ജോയിയാണ് ഡി.എല്‍.എഫിന് പാരിസ്ഥിതികാനുമതി നല്‍കുന്നത്.  തീരദേശ പരിപാലന അഥോറിറ്റിയുടെ അനുമതി കിട്ടാതെതന്നെ ഡിഎല്‍എഫ് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്തു.  ഇതിനെ സംബന്ധിച്ച് ചീഫ് സെക്രട്ടറി തലത്തില്‍ വിശദമായ അന്വേഷണം നടക്കുകയും തീരദേശ പരിപാലന നിയമലംഘനത്തിനെതിരെ നടപടിയെടുക്കണമെന്നതടക്കമുള്ള ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. 

നിയമലംഘനമുണ്ടെന്ന് കണ്ടെത്തിയ കൊച്ചി ചെലവന്നൂരിലെ ഡിഎല്‍എഫ് ഫ്ളാറ്റ് സമുച്ചയം പൊളിക്കേണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഒരുകോടി രൂപ പിഴനല്‍കണം. ഇത് പരിസ്ഥിതി വകുപ്പിന് ഈടാക്കാവുന്നതാണെന്നും കോടതി പറഞ്ഞിരുന്നു. കോടികളുടെ നിക്ഷേപമാണ് ഇതിന് പിന്നിലുളളത്. ഇത് പൊളിക്കുന്നതോടെ നഷ്ടമാകുന്നത് ജനങ്ങളുടെ പണമാണെന്നും വിശദമാക്കിയായിരുന്നു കോടതിയുടെ ഉത്തരവ്. 

ഹൈക്കോടതിയുടെ ഈ വിധി നിലനില്‍ക്കുന്ന കാലത്തോളം കേരളത്തിലെ തീരദേശ പരിപാലന നിയമ ലംഘനങ്ങളെല്ലാം നിസ്സാര പിഴയൊടുക്കി സാധൂകരിച്ചെടുക്കപ്പെടും എന്നതാണ് വിധിയുടെ ദൂരവ്യാപക പ്രത്യാഘാതം.  അതിനാല്‍ അത്യന്തം ജാഗ്രതയോടെയും കൃത്യതയോടെയും വിധി പഠിച്ച് തുടര്‍ നടപടികളിലേക്ക് കടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് വിഎസ് അഭ്യര്‍ത്ഥിച്ചു.