തിരുവനന്തപുരം: ഐസ്‌ക്രീംപാര്‍ലര്‍ കേസിലെ നിയമപോരാട്ടം തുടരാന്‍ വിഎസിന് ആകുമോയെന്ന് അഭിഭാഷകന് ആശങ്ക. ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്താല്‍ കേസുമായി വിഎസ് മുന്‍പോട്ടുപോകുമോയെന്നറിയില്ലെന്ന് അഡ്വ. എന്‍ ഭാസ്‌കരന്‍ നായര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഐസ്‌ക്രീംപാര്‍ലര്‍ കേസ് പരിഗണിക്കുന്ന കോഴിക്കോട് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വിഎസിനായി ഹാജരാകുന്നത് സീനിയര്‍ അഭിഭാഷകനായ അഡ്വ. എം ഭാസ്‌കരന്‍ നായരാണ്.

ഐസ്‌ക്രീംപാര്‍ലര്‍ കേസില്‍ കീഴ്‌ക്കോടതിയെ സമീപിക്കാനാണ് വിഎസിന് സുപ്രീംകോടതിയില്‍ നിന്ന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. അങ്ങനെയങ്കില്‍ കേസ് ഇനി തുടരുക കോഴിക്കോട് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ്. എന്നാല്‍ നിയമപോരാട്ടം വിഎസിന്റെ നിലപാടിനെ ആശ്രയിച്ചിരിക്കുമെന്ന് അഡ്വ എന്‍ ഭാസ്‌കരന്‍ നായര്‍ പറയുന്നു.

ഐസ്‌ക്രീംപാര്‍ലര്‍ കേസില്‍ തുടരന്വേഷണ ഹര്‍ജിയാവും വീണ്ടും നിയമപോരാട്ടത്തിനിറങ്ങിയാല്‍ വിഎസ് സമര്‍പ്പിക്കുക. കേസിലെ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന ഹര്‍ജിയാണ് നേരത്തെ പരിഗണനയിലുണ്ടായിരുന്നത്. സിബിഐ അന്വേഷണം വേണമെന്ന നിലപാടുമായി വിഎസ് മുന്‍പോട്ടു പോയതിനാല്‍ കേസില്‍ തുടര്‍വാദം നടന്നിരുന്നില്ല.