മാണിയെ കൂട്ടുപിടിച്ചിട്ട് എന്തായെന്ന് പരിഹസിച്ച് വിഎസ്

 ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ മൃഗീയ ഭൂരിപക്ഷത്തിലേക്ക് കടക്കുമ്പോള്‍ യുഡിഎഫിനെ പരിഹസിച്ച് വിഎസ് അച്യുതാനന്ദന്‍. കെ എം മാണി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നിട്ട് എന്തായെന്ന് വിഎസ് ചോദിച്ചു.

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കെഎം മാണി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിന് പിന്തുണ നല്‍കി രംഗത്തെത്തിയത്. നേരത്തേ ഇടുപക്ഷത്തിനൊപ്പം നിന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കേരള കോണ്‍ഗ്രസ് എം യുഡിഎഫിനൊപ്പം നില്‍ക്കുകയായിരുന്നു.

എന്നാല്‍ 2016 ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വോട്ടുകള്‍ പോലും സമാഹരിക്കാന്‍ വിജയകുമാറിന് ആയില്ല. കേരള കോണ്‍ഗ്രസ് ഭരിക്കുന്ന തിരുവന്‍വണ്ടൂരില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 

കോണ്‍ഗ്രസിന് സ്വാധീനമുള്ള മാന്നാറും പാണ്ഡനാടുമടക്കം യുഡിഎഫിന് ഭൂരിപക്ഷം നേടാനായില്ല. വിജയ കുമാറിന്‍റെ പഞ്ചായത്തിലും സജി ചെറിയാനാണ് ലീഡ് നേടിയത്. ഇതിനിടെ ഫലം അപ്രതീക്ഷിതിമെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. വര്‍ഗ്ഗീയത പ്രചരിപ്പിച്ച് നേടിയ വിജയമാണ് സജി ചെറിയാന്‍റേതെന്ന് ചെന്നിത്തല പ്രതികരിച്ചു.