ദില്ലി: വി എസ് അച്യൂതാനന്ദന് പുതിയതായി രൂപീകരിക്കുന്ന സര്‍ക്കാരില്‍ അര്‍ഹമായ പദവിയുണ്ടാകുമെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എന്തു പദവി നല്‍കണമെന്ന കാര്യം മന്ത്രിസഭ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി. വി എസിന്റെ അനുഭവപരിചയം ഉപയോഗപ്പെടുത്തുമെന്നും യെച്ചൂരി പറഞ്ഞു. സ്‌പീക്കര്‍ സ്ഥാനത്തേക്കും വി എസിന്റെ പേര് ഉയര്‍ന്നു വന്നു. എന്നാല്‍ ഈ നിര്‍ദേശം നേതൃത്വം അംഗീകരിച്ചില്ല.

എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഉപദേശകനായി വി എസിനെ നിയമിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ ഈ നിര്‍ദ്ദേശത്തോട് വി എസ് എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടുതന്നെ അറിയണം. ഒരു സ്ഥാനവും താന്‍ സ്വീകരിക്കില്ലെന്നാണ് വി എസ് വ്യക്തമാക്കിയിരിക്കുന്നത്. അധികാര സ്ഥാനങ്ങള്‍ക്ക് പുറകേ പോകുന്ന ആളല്ല താനെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേരളത്തിലെ ജനങ്ങളുടെ കാവലാളായി താന്‍ ഉണ്ടാകുമെന്നും വി എസ് ഇന്നു തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.