തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തിന് പകരം പാര്‍ട്ടി മുന്നോട്ട് വെച്ച ബദല്‍ ഫോര്‍മുല വി എസ് അച്യുതാനന്ദന്‍ സ്വീകരിക്കാനിടയില്ലെന്ന് സൂചന. ഇന്നലെ മൗനം പാലിച്ച വി എസ് ഇന്ന് മാധ്യമങ്ങളെ കാണും. പാര്‍ട്ടി തീരുമാനം അറിഞ്ഞശേഷം കന്റോണ്‍മെന്റ് ഹൗസിലെത്തിയ വിഎസിന്റെ മുഖത്ത് കടുത്ത നിരാശ പ്രകടമായിരുന്നു.

രാവിലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിളി വന്നപ്പോള്‍ വി എസിന് വലിയ പ്രതീക്ഷയായിരുന്നു. ഒരു ടേം മുഖ്യമന്ത്രിയായേക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു കന്റോണ്‍മെന്റ് ഹൗസില്‍ നിന്നും എകെജി സെന്ററിലേക്കുള്ള യാത്ര. പക്ഷെ എല്ലാം തകിടംമറിഞ്ഞു.പാര്‍ട്ടി തീരുമാനം അറിഞ്ഞ് മടങ്ങിയെത്തിയ വിഎസിന്റെ മുന്നില്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറ മാത്രം. ചോദ്യങ്ങള്‍ക്കും ഒരു നോട്ടത്തിനും പോലും നില്‍ക്കാതെ നിരാശയാടെ അകത്തേക്ക്

കാബിനറ്റ് പദവിയോടെയുള്ള ബദല്‍ ചുമതലകളൊന്നും സ്വീകരിക്കേണ്ടെന്നാണ് വിഎസിന്റെ തീരുമാനം. അധികാരത്തിന് പിന്നാലെ പോകുന്നയാളെന്ന പ്രതിച്ഛായ ഒഴിവാക്കണമെന്നാണ് അനുയായികളുമായി നടത്തിയ ചര്‍ച്ചയിലെ പൊതുധാരണ. ഉച്ചയോടെ പുറത്ത് മാധ്യമങ്ങളുടെ വന്‍തിരക്ക്. ഇതിനിടെ ഫോണിലൂടെ അനുനയിപ്പിക്കാനുള്ള ചിലശ്രമങ്ങള്‍. ആകാംക്ഷക്ക് വിരാമമിട്ട് മൂന്നിന് സംസ്ഥാന സമിതിയിലേക്ക്.

യെച്ചൂരിക്കും കോടിയേരിക്കുമൊപ്പം വാര്‍ത്താസമ്മേളനത്തില്‍ ചിരിക്കുന്ന മുഖവുമായി വിഎസ്.യെച്ചൂരിയുടെ കാസ്ട്രോ വിളിയിലും ഊറിച്ചിരി മാത്രം.ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ തിരിച്ച് വീട്ടിലേക്ക്. കന്റോണ്‍മെന്റ് ഹൗസ് ഒഴിയാനുള്ള തയ്യാറെടുപ്പിലാണ് വിഎസും സ്റ്റാഫ് അംഗങ്ങളും. വിഎസിനായി തലസ്ഥാനത്ത് പുതിയ വീടിനുള്ള അന്വേഷണം മകന്‍ അരുണ്‍കുമാര്‍ തുടങ്ങിക്കഴിഞ്ഞു. എല്‍ഡിഎഫിനെ ജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദിപറയാനാണ് ഇന്ന് വാര്‍ത്താസമ്മേളനമെന്നാണ് വിശദീകരണം.പക്ഷെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ഒഴിവാക്കിയതിന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടിക്കാണ് കേരളത്തിന്റെ കാത്തിരിപ്പ്.