തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനെ കടന്നാക്രമിച്ച് വി ടി ബല്‍റാം. വി എസ് എഴുതിയിട്ടുളള ലേഖനങ്ങളിലെ പരാമര്‍ശങ്ങള്‍ എടുത്ത് കാണിച്ചാണ് വിടി ബല്‍റാം ഫേസ്ബുക്കില്‍ വി എസിനെ ആക്രമിച്ചിരിക്കുന്നത്. രാഷ്ട്രീയ എതിരാളികളുടെ വ്യക്തിജീവിതങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളുമൊക്കെ താങ്കളുടെ ഒരു വീക്ക്‌നെസാണെന്നാണ് ബല്‍റാമിന്റെ ആരോപണം. തന്നെ തിരുത്താന്‍ പൊതുസമൂഹവും ഉണ്ടെന്നും വി പാര്‍ട്ടിയും എസും സിപിഎമ്മും അതിന് ശ്രമിക്കേണ്ടെന്നും ബല്‍റാം കുറിപ്പില്‍ പറയുന്നു.
വി ടി ബല്‍റാമിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
"വിവാഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി പറയുന്ന വാക്കുകൾ മനസ്സിലാക്കി ഗാന്ധിജിയെപ്പറ്റിയും എകെജിയെപ്പറ്റി പറഞ്ഞതുപോലുള്ള വല്ലതുമൊക്കെ പറയാൻ കഴിയുമോ എന്ന് മാലോകരോട് പറയണം എന്നാണ് ഞാൻ ആശിക്കുന്നത്."
സിപിഎമ്മിന്റെ സമുന്നത നേതാവും മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാനുമായ വിഎസ് അച്യുതാനന്ദൻ ദേശാഭിമാനിയിലടക്കം എഴുതിയ ലേഖനത്തിലെ വാക്കുകളാണിത്. സാധാരണ സൈബർ സഖാക്കൾ കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി എന്നോടുള്ള ചോദ്യം എന്ന നിലയിൽ ഉയർത്തുന്ന അതേ കാര്യമാണ് ഏറ്റവും സീനിയറായ സിപിഎം നേതാവിനും ചോദിക്കാനുള്ളത് എന്നതിൽ നിന്ന് ആ പാർട്ടിയുടെ പൊതുചിന്താഗതി വ്യക്തമാവുന്നു. എന്താണ് ശ്രീ അച്യുതാനന്ദനും കൂട്ടരും ഉദ്ദേശിക്കുന്നത്? ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ഒരു വിവാദത്തിലേക്ക് വലിച്ചിഴക്കണമെന്നോ? ഒരുഭാഗത്ത് എകെജിയുടെ രണ്ടാം വിവാഹത്തേക്കുറിച്ച് പറഞ്ഞത് ഹീനമായ വ്യക്തിഹത്യ ആണെന്ന് ആരോപിക്കുകയും എന്നാൽ മറുഭാഗത്ത് മഹാത്മാഗാന്ധിയേക്കൂടി സമാനമായ തലത്തിൽ പ്രചരണവിഷയമാക്കണമെന്ന് ആശിക്കുകയും ചെയ്യുന്നത് എത്ര വലിയ ഇരട്ടത്താപ്പാണ് ശ്രീ.അച്യുതാനന്ദൻ?
താങ്കൾ താരതമ്യപ്പെടുത്താനാഗ്രഹിക്കുന്ന ഏത് വലിയ നേതാവിനേക്കാളും എത്രയോ ഇരട്ടി വലുപ്പമുള്ള മഹാമേരുവാണ് ലോകമാദരിക്കുന്ന ഇന്ത്യയുടെ രാഷ്ട്രപിതാവ്. തന്റെ പൊതുജീവിതത്തിലെ മാത്രമല്ല, വ്യക്തിജീവിതത്തിലേയും ഓരോ നിസ്സാര കാര്യങ്ങളും അങ്ങേയറ്റം സത്യസന്ധമായി പൊതുസമൂഹത്തോട് തുറന്നുപറഞ്ഞ സുതാര്യതയുടെ ഉടമ. അന്നത്തെ നാട്ടാചാരമനുസരിച്ച് സമപ്രായക്കാരിയായ ഒരാളുമായുണ്ടായ അദ്ദേഹത്തിന്റെ വിവാഹത്തേയും മറ്റ് ആരുടേതെങ്കിലുമായി താരതമ്യം ചെയ്യാൻ കഴിയില്ല. അതുകൊണ്ട് അതും വേറെന്തെങ്കിലും തമ്മിൽ കൂട്ടിക്കെട്ടാനുള്ള താങ്കളുടെ ആശ കയ്യിൽത്തന്നെ വച്ചോളൂ, അല്ലെങ്കിൽ പതിവുപോലെ സ്വന്തം നിലക്ക് തന്നെ ആയിക്കോളൂ, എന്നെയതിന് പ്രതീക്ഷിക്കണ്ട.
രാഷ്ട്രീയ എതിരാളികളുടെ വ്യക്തിജീവിതങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളുമൊക്കെ താങ്കളുടെ ഒരു വീക്ക്‌നെസാണെന്ന് കേരളീയ സമൂഹത്തിന് എത്രയോ കാലമായി നേരിട്ടറിയാം. രാജ്യത്തിനുവേണ്ടി ജീവൻ വെടിഞ്ഞ ധീര സൈനികന്റെ കുടുംബത്തേക്കുറിച്ചും മത്സ്യത്തൊഴിലാളി പശ്ചാത്തലത്തിൽ നിന്നുയർന്നുവന്ന പാർട്ടിയിലെ യുവനേതാവിനേക്കുറിച്ചും മലമ്പുഴയിൽ എതിർസ്ഥാനാർത്ഥിയായി മത്സരിച്ച വനിതാ നേതാവിനെക്കുറിച്ചുമൊക്കെ താങ്കളുടെ വായിൽ നിന്ന് പുറത്തുവന്ന മൊഴിമുത്തുകൾ മലയാള സാഹിത്യത്തിന് വലിയ മുതൽക്കൂട്ടാണ്.
കേരളത്തിലെ പ്രതിപക്ഷനേതാവിന്റെ കസേരയിലിരുന്ന് അന്നത്തെ മുഖ്യമന്ത്രിയേക്കുറിച്ച് മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേക്കുറിച്ചൊക്കെ നിയമസഭയിൽ അങ്ങ് നടത്തിയ ഹീനമായ അധിക്ഷേപങ്ങൾ സഭാരേഖാകളിൽ ഉണ്ടോ എന്നറിയില്ല, എന്നാൽ ഇപ്പുറത്തിരുന്ന് നേരിൽ കേട്ട ഞങ്ങളുടെയൊക്കെ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്. അന്ന് അശ്ലീലാഭാസച്ചിരിയോടെ അത് കേട്ട് ഡസ്ക്കിലടിച്ച് പ്രോത്സാഹിപ്പിച്ച അങ്ങയുടെ പാർട്ടിക്കാരുടെ മുഖങ്ങളും ഞങ്ങൾക്കോർമ്മയുണ്ട്. പെട്ടെന്നുള്ള ഒരു പ്രകോപനത്താലല്ല, മറിച്ച് സർക്കാർ ചെലവിൽ നിയമിക്കപ്പെട്ട പേഴ്സണൽ സ്റ്റാഫിനേക്കൊണ്ട് എഴുതിത്തയ്യാറാക്കി കൊണ്ടുവന്ന് നിയമസഭയിൽ നോക്കിവായിച്ച, നീട്ടിയും കുറുക്കിയും ആവർത്തിച്ച, പ്രസംഗത്തിലായിരുന്നു ഈ ആഭാസഘോഷയാത്ര എന്നതും ഈ നാട് മറന്നുപോയിട്ടില്ല.
