ആര്യനാട് വര്‍ക്ക്‌ഷോപ്പിലെ വാക്ക്തര്‍ക്കം; ഒരാള്‍ കൊല്ലപ്പെട്ടു

First Published 7, Mar 2018, 10:43 AM IST
Walk in the Aryanad workshop One was killed
Highlights
  • ആര്യനാട് പള്ളിവേട്ട അംബിക വിലാസത്തില്‍ ജയകൃഷ്ണന്‍(35) ആണ് മരിച്ചത്.

തിരുവനന്തപുരം: ആര്യനാട് 3 പേര്‍ തമ്മിലുള്ള വാക്ക് തര്‍ക്കം ഒരാളുടെ കൊലപാതകത്തില്‍ കലാശിച്ചു. കൂട്ടത്തിലുണ്ടായിരുന്നവരില്‍ ഒരാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. മൂന്നാമന്‍ പൊലീസ് കസ്റ്റഡിയില്‍. ആര്യനാട് പള്ളിവേട്ട അംബിക വിലാസത്തില്‍ ജയകൃഷ്ണന്‍(35) ആണ് മരിച്ചത്.

ആര്യനാട് കാഞ്ഞിരംമൂട് കച്ചേരി നടയില്‍ തിരുമല സ്വദേശി സുരേഷ് കുമാര്‍ നടത്തുന്ന വര്‍ക്ക് ഷോപ്പില്‍  സുഹൃത്തുക്കള്‍ തമ്മില്‍ നടന്ന വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പരിക്കേറ്റ പള്ളിവേട്ട കടുവകുഴി സ്വദേശി അജി സോമന്‍(34)നെ മെസിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട്  വര്‍ക്ക്‌ഷോപ് ഉടമയും തിരുമല സ്വദേശിയുമായ സുരേഷ് കുമാറാണ് പോലീസ് കസ്റ്റഡിയില്‍.

ഇന്നലെ രാത്രിയോടെയാണ് സംഭവം. ആശാരിമാരായ അജിത്, ജയകൃഷ്ണന്‍ എന്നിവര്‍ സുരേഷിന്റെ വര്‍ക്ക്‌ഷോപ്പില്‍ ഒത്തു കൂടുകയും മദ്യപിക്കുന്നതും പതിവാണ്. ഇന്നലെ രാത്രി ഏഴുമണിയോടെ ഇവര്‍ ഒത്തു കൂടുകയും മദ്യപിക്കുയയും ചെയ്തു. ഇതിനിടെ നടന്ന വാക്ക് തര്‍ക്കം അടിയിലെത്തുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു പറഞ്ഞയച്ചു. 

എന്നാല്‍ പത്ത് മണിയോടെ ഇവര്‍ വീണ്ടും ഇവിടെയെത്തി തര്‍ക്കം തുടര്‍ന്നു. സംഭവം കണ്ട നാട്ടുകാര്‍ അപ്പോള്‍ തന്നെ പോലീസില്‍ അറിയിച്ചു. എന്നാല്‍ പോലീസ് സംഭവസ്ഥലത്തെത്തിയപ്പോള്‍ വര്‍ക്ക്‌ഷോപ്പില്‍ ബോധരഹിതനായി കിടക്കുന്ന ജയകൃഷ്ണനെയാണ് കണ്ടത്. അപ്പോള്‍തന്നെ ആംബുലന്‍സെത്തിച്ച്  ഇയാളെ ആശുപത്രിയില്‍ മാറ്റാന്‍ തുടങ്ങിയെങ്കിലും മരണം സംഭവിച്ചതായി ആംബുലന്‍സ് നഴ്‌സ് അറിയിച്ചു. ജയകൃഷ്ണന് തലയ്ക്കും ശരീരത്തിലും ഗുരുതര പരിക്കേറ്റിരുന്നു. അജി സോമനും പരിക്കുണ്ടായിരുന്നു.
 

loader