ആറ് പേരിൽ രണ്ട് പേർ ഒഴികെയുള്ളവർ അപകടനില തരണം ചെയ്തു.

മംഗളൂരു: കപ്പൽ അപകടത്തിൽ പരിക്കേറ്റ് മംഗളൂരുവിലെ എജെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതിയിൽ പുരോഗതി. ആറ് പേരിൽ രണ്ട് പേർ ഒഴികെയുള്ളവർ അപകടനില തരണം ചെയ്തു. ഇന്നലെ രാത്രിയാണ് ഇവരെ മംഗലാപുരത്ത് എത്തിച്ചത്. ചൈനയിൽ നിന്നുള്ള ലൂ യാൻ ലി, ഇന്തോനേഷ്യൻ പൗരനായ സോണിറ്റൂർ ഹയിനി എന്നിവരാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ശ്വാസകോശത്തെ അടക്കം ബാധിച്ചതായാണ് വിവരം. 

ലൂ യാൻ ലി ക്ക് 40 ശതമാനവും സോണിറ്റൂറിന് 30 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ഇവരിൽ ഒരാൾക്ക് രാസവസ്തുവിൽ നിന്നുള്ള പൊള്ളലും ഏറ്റിട്ടുണ്ട്. ഇരുവരും മരുന്നുകളോട് പ്രതികരിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. 

ഈ രണ്ട് പേരുടെ കാര്യത്തിൽ അപകടനില തരണം ചെയ്തുവെന്ന് പറയാൻ കഴിയില്ലെന്നും 72 മണിക്കൂർ മുതൽ ഒരാഴ്ച വരെ നിരീക്ഷണം വേണമെന്നും ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ഡോ. ദിനേശ് ഖദം പറഞ്ഞു. കരയിലെത്തിച്ച ക്യാപ്റ്റൻ ഉൾപ്പെടെ മറ്റു 12 പേരെ മംഗളൂരുവിലെ ഹോട്ടലിൽ താമസിപ്പിച്ചിരിക്കുകയാണ്.

YouTube video player