നീനുവും കെവിനുമായി സാധുതയുള്ള വിവാഹം നടന്നിട്ടില്ല നീനുവിനെ ഏതെങ്കിലും സംരക്ഷണ കേന്ദ്രത്തിലാക്കണമെന്ന് ആവശ്യം
കോട്ടയം: കെവിന്റെ മരണം മുങ്ങിമരണമാണോ അതോ കൊലപാതകമാണോയെന്ന അന്വേഷണങ്ങള്‍ പുരോഗമിക്കുമ്പോള്‍ നീനുവിനെ വിട്ടു കിട്ടണമെന്ന ആവശ്യവുമായി പിതാവ്. നീനുവും കെവിനുമായി സാധുതയുള്ള വിവാഹം നടന്നിട്ടില്ല. ഇതനുസരിച്ച് നീനു ഇപ്പോൾ അന്യവീട്ടിലാണു താമസിക്കുന്നതെന്നു കണക്കാക്കണം. പിതാവ് ജയിലില്‍ ആയതിനാല്‍ നീനുവിനെ ഏതെങ്കിലും സംരക്ഷണ കേന്ദ്രത്തിലാക്കണമെന്ന് നീനുവിന്റെ പിതാവിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
നീനുവിന്റെ രക്ഷിതാവ് നിയമപരമായി ചാക്കോ ആണെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കെവിന്റെ വീട്ടിലാണ് നിലവില്‍ നീനു താമസിക്കുന്നത്. നീനുവിന് ചികിൽസ ആവശ്യമുണ്ടെങ്കിൽ ഉറപ്പാക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. ചാക്കോയുടെ പരാതി ഫയലില്‍ സ്വീകരിച്ച കോടതി, വാദം കേള്‍ക്കാനായി മാറ്റിവച്ചു. കെവിൻ വധക്കേസിൽ പ്രതികളായ ചാക്കോയെയും സാനുവിനെയും ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി എട്ടു വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നീനുവിനെ വിട്ടുകിട്ടണമെന്ന് പിതാവ് ചാക്കോയ്ക്കു വേണ്ടി അഭിഭാഷകൻ കോടതിയിൽ പരാതി നൽകി.
അതേ സമയം മുഖ്യപ്രതിയുടെയും സാക്ഷിയുടേയും അമ്മ മാനസിക രോഗത്തിന് ചികിത്സ തേടിയെന്ന പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ പ്രധാന കേസുമായി ഇതിന് ബന്ധമില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.
