അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിനെ ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസിനെതിരെ മോദി രംഗത്തെത്തിയത്. റഫാലിന്റെ എതിരാളിയായ യൂറോഫൈറ്റര്‍ എന്ന കമ്പനിക്കായി മിഷേല്‍ കൂടിയാലോചന നടത്തിയെന്നതരത്തിലുള്ള റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് മോദിയുടെ പ്രതികരണം. 

ദില്ലി: റഫാൽ ഇടപാടിൽ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ രൂക്ഷപ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിനെ ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസിനെതിരെ മോദി രംഗത്തെത്തിയത്. റഫാലിന്റെ എതിരാളിയായ യൂറോഫൈറ്റര്‍ എന്ന കമ്പനിക്കായി മിഷേല്‍ കൂടിയാലോചന നടത്തിയെന്നതരത്തിലുള്ള റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് മോദിയുടെ പ്രതികരണം. 

'മിഷേല്‍ മാമന്‍ മറ്റ് ചില കമ്പനികളുമായി കൂടിയാലോചന നടത്തുകയായിരുന്നു. നേരത്തെ ശബ്ദമുണ്ടാക്കിയ കോണ്‍ഗ്രസ് നേതാക്കന്മാര്‍ ഇപ്പോള്‍ എല്ലാവരോടുമായി വിശദീകരിക്കണം, മിഷേല്‍ മാമനുമായി എന്ത് ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന്. അവര്‍ ഒരു മറുപടി തരാതിരിക്കുമോ. കാവല്‍ക്കാരന്‍ അതിനെ കുറിച്ച് അവരോട് ചോദിക്കാൻ പാടില്ലെന്നും കോൺഗ്രസിനെ പരിഹസിച്ച് മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ സോലാപൂരില്‍ നടന്ന റാലിക്കിടെയായിരുന്നു ആരുടെയും പേരെടുത്ത് പറയാതെ മോദിയുടെ പരാമർശം.മിഷേല്‍ മാമന്റെ ഇടപെടലുകള്‍ കാരണമാണ് കരാര്‍ നിന്നുപോയതെന്നും മോദി ആരോപിച്ചു. 

പ്രതിഫലം പറ്റിയ ആളുകളുടെ സുഹൃത്തുക്കള്‍ കാവല്‍ക്കാരനെ ഭയപ്പെടുത്താമെന്ന് സ്വപ്‌നം കാണുകയാണ്. പക്ഷെ അവരെല്ലാം നിരാശപ്പെടാന്‍ പോവുകയാണ്. കാരണം ഈ കാവല്‍ക്കാരന്‍ ഉറങ്ങുകയോ ഭയപ്പെടുകയോ ചെയ്യുന്ന ആളല്ല. അവര്‍ക്ക്‌ എനിക്ക് നേരെയുള്ള ആക്ഷേപങ്ങളും നുണപ്രചരണങ്ങളും തുടരാം. പക്ഷേ ഈ ശുദ്ധീകരണ യജ്ഞം തുടരുക തന്നെ ചെയ്യുമെന്നും മോദി കൂട്ടിച്ചേർത്തു. നിങ്ങള്‍ ഈ കാവല്‍ക്കാരനെ പിന്തുണക്കുന്നുണ്ടോയെന്ന് റാലിയിൽ പങ്കെടുത്ത ജനങ്ങളോട് മോദി ചോദിച്ചു. 

ദസ്സോ കമ്പനിയുമായുള്ള റഫാല്‍ കരാര്‍ ഇന്ത്യ ഒപ്പിടുന്നതിന് മുന്‍പായി റഫാലിന്റെ മുഖ്യ എതിരാളിയായ യൂറോഫൈറ്ററിനു വേണ്ടി ക്രിസ്ത്യന്‍ മിഷേല്‍ പ്രവര്‍ത്തിച്ചിരുന്നതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടനിലക്കാരനായ ഗ്വിഡോ ഹസ്കെയുടെ പക്കലിൽനിന്ന് പിടിച്ചെടുത്ത രേഖയില്‍ നിന്നും ഇക്കാര്യം വ്യക്തമായതായും റിപ്പോർട്ടിൽ പറയുന്നു.